അഞ്ച് വർഷം മുൻപ് മുൻ മന്ത്രി എ സി മൊയ്തീൻ നിയമസഭാ സമ്മേളനത്തിൽ തന്നെ കുറിച്ച് സംസാരിച്ചത് കണ്ണീരോടെയാണ് കേട്ടിരുന്നതെന്ന് അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റ് അനിൽ അക്കര

തൃശൂർ: അനിൽ അക്കര അടാട്ട് പഞ്ചായത്ത് പ്രസിഡന്‍റായി അധികാരമേറ്റു. പിന്നാലെ ചേർത്തുപിടിച്ച നാടിനോടുള്ള നന്ദി അനിൽ അക്കര കുറിച്ചു. 'അയാളെ അയാളുടെ നാട് കൈവിട്ടിരിക്കുന്നു' എന്ന് അഞ്ച് വർഷം മുൻപ് മുൻ മന്ത്രി എ സി മൊയ്തീൻ നിയമസഭാ സമ്മേളനത്തിൽ പ്രസംഗിച്ചത് കണ്ണീരോടെയാണ് താൻ കേട്ടിരുന്നതെന്ന് അനിൽ അക്കര പറഞ്ഞു. ആ വാക്കുകൾക്ക് ആറ്റംബോംബിനേക്കാൾ പ്രഹര ശേഷിയുണ്ടായിരുന്നു. എന്നാൽ ആ യുദ്ധത്തിൽ മരിച്ച് വീഴാനല്ല തീരുമാനിച്ചതെന്നും അവിടെ നിന്ന് ആദ്യം മുതൽ തുടങ്ങുകയായിരുന്നുവെന്നും അനിൽ അക്കര കുറിച്ചു.

അനിൽ അക്കര 2000 മുതൽ 2010 വരെ ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. 2000 - 2003 വരെ വൈസ് പ്രസിഡന്‍റും 2003 - 2010 വരെ പ്രസിഡന്‍റ് സ്ഥാനവും വഹിച്ചു. അനിൽ അക്കര പഞ്ചായത്ത് പ്രസിഡന്‍റായിരിക്കെ മികച്ച പഞ്ചായത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. 2016ൽ വടക്കഞ്ചേരി നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ആദ്യം ഉന്നയിച്ചത് അനിൽ അക്കരയായിരുന്നു. പക്ഷേ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. ഇക്കാര്യമാണ് അനിൽ അക്കര കുറിപ്പിൽ പരാമർശിച്ചത്.

കുറിപ്പിന്‍റെ പൂർണരൂപം

അഞ്ച് വർഷങ്ങൾക്ക് മുൻപ് നടന്ന നിയമസഭാ സമ്മേളനത്തിൽ മുൻ മന്ത്രി എ സി മൊയ്തീൻ്റെ പ്രസംഗം കണ്ണീരോടെയാണ് ഞാൻ കേട്ടിരുന്നത്. ഒരു പക്ഷെ അദ്ദേഹത്തിൻ്റെ ആ വാക്കുകൾക്ക് മറുപടി പറയാൻ എനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെങ്കിലും, എനിക്ക് അതിന് അന്ന് കഴിയില്ല.അതായിരുന്നു അന്നത്തെ സാഹചര്യം. അന്ന് അദ്ദേഹം പുച്ഛഭാവത്തിൽ അഹങ്കാരത്തോടെ എന്നെ കുറിച്ച് പറഞ്ഞത് "അയാളെ അയാളുടെ നാട് കൈവിട്ടിരിക്കുന്നു"

ഒരു പക്ഷെ ആ വാക്കുകൾക്ക് ആറ്റംബോംബിനേക്കാൾ പ്രഹരശേഷിയുണ്ടായിരുന്നു. എന്നാൽ ആ യുദ്ധത്തിൽ മരിച്ച് വീഴാനല്ല ഞങ്ങൾ തീരുമാനിച്ചത്. അതേ അവിടെ നിന്ന് തുടങ്ങിയതാണ്. അന്ന് പറഞ്ഞതാണ്, ആദ്യം മുതൽ തുടങ്ങണം. അടാട്ടേക്ക് മടങ്ങുന്നു. ഇപ്പോൾ അഞ്ച് വർഷം പിന്നിട്ടു. ഇന്നാണ് അതിനുള്ള മറുപടി എൻ്റെ നാട് എ സി മൊയ്തീനും സംഘത്തിനും നൽകിയത്.

"അതെ എൻ്റെ നാട് എന്നെ ചേർത്ത് പിടിച്ചിരിക്കുന്നു"