
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് പി എസ് പ്രശാന്തും ബോർഡ് അംഗമായിരുന്ന സി പി ഐ നേതാവ് അജികുമാറും ജയിലിലേക്ക്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തതോടെ തിരുവനന്തപുരം സ്പെഷ്യൽ ജയിലിലേക്കാണ് ഇവരെ മാറ്റുന്നത്. 2025 ൽ ഹൈക്കോടതി അനുമതിയില്ലാതെ ദ്വാരപാലക പാളികൾ സ്വൂർണ്ണം പൂശാൻ പുറത്തേക്ക് കൊണ്ടുപോയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയാണ് എസ് ഐ ടി ഇവരെ അറസ്റ്റ് ചെയ്തത്. രാഷ്ട്രീയ സമ്മർദ്ദം മൂലം ഉടൻ അറസ്റ്റിലാകുമെന്ന് രാവിലെ പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് ഉണ്ടായത്. കുടുക്കിയതാണെന്നും നിരപരാധിത്വം തെളിക്കുമെന്നുമാണ് പ്രശാന്ത് പ്രതികരിച്ചത്. പ്രശാന്തിന്‍റെ കാലത്തെ വീഴ്ചയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടായിരുന്നു ശബരിമല സ്വർണ്ണക്കൊള്ള വെളിച്ചത്ത് കൊണ്ടുവരുന്നതിന് കാരണമായത്.
ഇടത് സർക്കാർ നിയോഗിച്ച മൂന്നാമത്തെ ദേവസ്വം ബോർഡ് പ്രസിഡണ്ടാണ് ശബരിമല സ്വർണ്ണക്കൊള്ളയിൽ ജയിലിലാകുന്നത്. പ്രശാന്തിനെ ഏത് സമയവും എസ് ഐ ടി അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നു. തെറ്റ് ചെയ്തിട്ടില്ല, അറസ്റ്റ് ചെയ്യാൻ രാഷ്ട്രീയസമ്മർദ്ദമുണ്ടെന്നായിരുന്നു, അറസ്റ്റ് മുൻകൂട്ടി കണ്ട് പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇപ്രകാരമായിരുന്നു. 9 മണിയോടെ കരകുളത്തെ വീട്ടിലെത്തിയാണ് എസ് ഐ ടി പ്രശാന്തിനെ കസ്റ്റഡിയിലെടുത്തത്. നേരെ കൊല്ലം പൊലീസ് ക്ലബിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് അറസ്റ്റ് രേഖപ്പെടുത്തി. 201 9ലെ ശബരിമല സ്വർണ്ണക്കൊള്ള മറച്ചുവെക്കാനാണ് പ്രശാന്തിന്‍റെ കാലത്ത്, 2025 ൽ ദ്വാരപാലക പാളികൾ സ്വർണ്ണം പൂശാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് കൈമാറിയതെന്നാണ് എസ് ഐ ടി കണ്ടെത്തൽ. ഹൈക്കോടതിയുടെ മുൻകൂർ അനുമതി ചോദിക്കാതിരുന്നത് സാങ്കേതിക പിഴവെന്നാണ് പ്രശാന്ത് ആവർത്തിച്ചത്. എന്നാൽ അനുമതിയില്ലാതെ പളി കടത്തിയത് ഗൂഢാലോചനയുടെ ഭാഗമായെന്നാണ് എസ് ഐ ടി ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ട്. 2019 ൽ കൊണ്ട് പോയി സ്വർണ്ണം പൂശിയ പാളികൾക്ക് 24 ആയപ്പോൾ ശോഭ നശിച്ചെന്ന് എക്സിക്യൂട്ടീവ് ഓഫിസറായിരുന്ന മുരാരി ബാബു ബോർഡിനെ അറിയിച്ചു. ചെറിയ കാലയളവിൽ ശോഭ നശിച്ചത് അന്വേഷിക്കാതെ ബോർഡ് വീണ്ടും ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് തന്നെ പാളികൾ കൈമാറിയതിലാണ് എസ് ഐ ടി ദുരൂഹത കണ്ടെത്തിയത്. പ്രത്യേക കേസെടുക്കാതെ 2019 ലെ പാളികടത്തിൽ കേസിനൊപ്പം പ്രശാന്തിന്‍റെ കാലത്തെ ക്രമക്കേടിലും എസ് ഐ ടി കുറ്റപത്രം നൽകുക. പ്രശാന്തിന്‍റെ കാലത്തെ വീഴ്ച പുറത്ത് കൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസായിരുന്നു. അന്നത്തെ ദേവസ്വംമന്ത്രിയും പ്രശാന്തും ഏഷ്യാനെറ്റ് ന്യൂസിനെ പഴിച്ച് എല്ലാം ഗൂഢാലോചനയാണെന്ന വാദമാണ് നിരത്തിയത്. അന്നത്തെ റിപ്പോർട്ടുകളാണ് പലകാലത്തായി നടന്ന രാജ്യം ഞെട്ടിയ ശബരിമല സ്വർണ്ണക്കൊള്ള പുറം ലോകം അറിയാനിടയാക്കിയത്. ദേവസ്വം ബോർഡിലെ അധ്യക്ഷന്മാരും ഉദ്യോഗസ്ഥരുടെ ഇടനിലക്കാരും പോറ്റിയുമെല്ലാം പിടിയിലാകാനും കാരണമായതും ഈ റിപ്പാർട്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam