
കൊല്ലം: വാടകയ്ക്ക് വാങ്ങിയ മണ്ണുമാന്തിയന്ത്രം കരാർ കാലാവധി കഴിഞ്ഞിട്ടും ഉടമയ്ക്ക് തിരികെ നൽകാതെ വ്യാജ നമ്പർ പതിപ്പിച്ച് മറച്ചുവെച്ച് ഉപയോഗിച്ച രണ്ടു പേർ പിടിയിൽ. എറണാകുളം കുന്നത്തുനാട് സ്വദേശി മനു പ്രസാദ് (38), ആലുവ അയ്യമ്പുഴ സ്വദേശി ടോണി ഉറുമീസ് (38) എന്നിവരെയാണ് കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. ടോബിൻ തങ്കച്ചന്‍റെ ഉടമസ്ഥതയിലുള്ള ജെസിബി പ്രതിമാസം 70,000 രൂപ വാടക നൽകാമെന്ന കരാറിലാണ് മനു പ്രസാദ് വാടകയ്ക്കെടുത്തത്. 2023 നവംബർ 15-ന് ജെസിബി കൊണ്ടുപോയ ശേഷം ആറുമാസത്തെ കരാർ കാലാവധി കഴിഞ്ഞിട്ടും തിരികെ നൽകിയില്ല. കൂടാതെ വാഹനം ഇയാൾ ടോണി ഉറുമീസിന് കൈമാറി. വ്യാജ രജിസ്ട്രേഷൻ നമ്പർ നിർമ്മിച്ച് പതിപ്പിച്ച ശേഷം ടോണി ഇത് ഉപയോഗിക്കുകയായിരുന്നു.
ഏകദേശം 20 ലക്ഷം രൂപയുടെ നഷ്ടമാണ് യഥാർഥ ഉടമ ടോബിൻ തങ്കച്ചന് ഉണ്ടായിട്ടുള്ളതെന്നാണ് പോലീസ് പറയുന്നത്. ഒന്നാം പ്രതിയെ കളമശ്ശേരി ജംഗ്ഷനിൽ നിന്നും രണ്ടാം പ്രതിയെ മൂവാറ്റുപുഴയിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മറ്റു കേസുകളിലും ഇരുവരും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. സബ് ഇൻസ്‌പെക്ടർ ഹേമന്ത് മോഹൻ, സിവിൽ പോലീസ് ഓഫീസർമാരായ ശ്യം, രാജേഷ്, ദീപക് എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam