സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ

Published : Jan 20, 2026, 10:01 PM IST
padmakumar

Synopsis

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നാളെ വിധി പറയും. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർക്കുന്നു

കൊച്ചി: ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയിൽ നാളെ വിധി. പത്മകുമാറിന് പുറമേ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, സ്വർണ്ണ വ്യാപാരി ഗോവർദ്ധൻ എന്നിവർ സമർപ്പിച്ച ജാമ്യാപേക്ഷകളിലാകും ഹൈക്കോടതി നാളെ വിധി പ്രസ്താവിക്കുക. ജസ്റ്റിസ് എ ബദറുദ്ദീന്റെ ബെഞ്ചാണ് ഈ ഹർജികളിൽ വിധി പറയുന്നത്. പ്രതികൾക്ക് ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും ശക്തമായി എതിർത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ഗൗരവകരമായ തെളിവുകളുണ്ടെന്നും അന്വേഷണം നിർണ്ണായക ഘട്ടത്തിലാണെന്നുമാണ് സർക്കാരിന്റെ വാദം. നേരത്തെ ജനുവരി എട്ടിന് കേസ് പരിഗണിച്ച ഹൈക്കോടതി വിശദമായ വാദം കേട്ടിരുന്നു.

സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്ന് പ്രതികൾ

ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ടും സി പി എം നേതാവുമായ എ പത്മകുമാറിനെ നവംബർ 20 നാണ് എസ് ഐ ടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വർണ്ണം ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറിയതിൽ പത്മകുമാർ അടങ്ങുന്ന ബോർഡിനും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്. എ പത്മകുമാറിനെതിരെ നിരവധി തെളിവുകൾ ഉണ്ടെന്നാണ് എസ് ഐ ടി ഹൈക്കോടതിയെ അറിയിച്ചത്. പത്മകുമാർ നൽകിയ മൊഴിയും എസ് ഐ ടി കണ്ടെത്തിയ തെളിവുകളും തമ്മിൽ വൈരുദ്ധ്യമുണ്ട് എന്ന് അന്വേഷണ സംഘം സത്യവാങ്മൂലവും നൽകിയിട്ടുണ്ട്. നേരത്തെ കൊല്ലം വിജിലൻസ് കോടതി പത്മകുമാർ അടക്കമുള്ള പ്രതികളുടെ ജാമ്യഹർജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ ഹൈക്കോടതിയിലെത്തിയത്.

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒരു കേസിൽ ജാമ്യം

അതിനിടെ ശബരിമല സ്വർണ്ണക്കടത്ത് കേസില ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം നൽകി. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം കടത്തിയ കേസിലാണ് ജാമ്യം. അറസ്റ്റിലായി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കോടതി സ്വാഭാവിക ജാമ്യമാണ് അനുവദിച്ചത്. ശാസ്ത്രീയ പരിശോധനാഫലം വൈകിയതും അന്വേഷണം തീരാത്തതും കൊണ്ടാണ് കുറ്റപത്രം വൈകിയതന്നാണ് എസ് ഐ ടി വിശദീകരണം.  കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉടൻ ജയിലിന് പുറത്തിറങ്ങാൻ കഴിയില്ല. ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസ് കൂടി നിലവിലുള്ളതിനാലാണ് ഇത്. ആ കേസിൽ കൂടി ജാമ്യം ലഭിച്ചാൽ മാത്രമേ പ്രതിക്ക് ജയിൽ മോചനം സാധ്യമാകൂ. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള പ്രതിയെ സംബന്ധിച്ച് കട്ടിളപ്പടി കേസ് നിർണ്ണായകമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്: മുരാരി ബാബുവിന്റെ വീട്ടിലെ രേഖകൾ പിടിച്ചെടുത്ത് ഇഡി, പരിശോധന അവസാനിപ്പിച്ചു