സ്വര്‍ണക്കൊള്ള കേസ്; എൻ വാസുവിനെ കൈവിലങ്ങ് വെച്ച സംഭവം, നടപടിയിൽ ഡിജിപിക്ക് അതൃപ്തി, പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത

Published : Nov 24, 2025, 06:16 PM IST
N vasu handcuffed

Synopsis

ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത. ബിഎൻഎസ് നിയമത്തിന് വിരുദ്ധമായ നടപടിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് ‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം പ്രസിഡന്‍റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ വാസുവിനെ കൈവിലങ്ങ് അണിയിച്ച് കോടതിയിൽ ഹാജരാക്കിയതിൽ പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥരാണ് പൂജപ്പുര സെന്‍ട്രൽ ജയിലിൽ നിന്നും വാസുവിനെ കൈവിലങ്ങ് അണിയിച്ച് കൊല്ലത്തെ വിജിലന്‍സ് കോടതിയിൽ ഹാജരാക്കിയത്. കൈവിലങ്ങ് ഏതൊക്കെ പ്രതികള്‍ക്ക് വെക്കണമെന്ന് ബിഎൻഎസ് നിയമത്തിൽ പ്രതിപാദിക്കുന്നതിന് വിരുദ്ധമായ നടപടിയാണിതെന്ന് സ്പെഷ്യൽ ബ്രാഞ്ച് ‍ഡിജിപിക്ക് റിപ്പോര്‍ട്ട് നൽകി. നടപടിയിൽ ഡിജിപിക്കും അതൃപ്തിയുണ്ട്. പ്രതിയുടെ പ്രായം, ഏതൊക്കെ കുറ്റകൃത്യങ്ങളിൽ ഉള്‍പ്പെട്ടവരെയാണ് കൈവിലങ്ങ് വെക്കേണ്ടത് തുടങ്ങിയ നിയമകാര്യങ്ങളൊന്നും പരിഗണിക്കാതെ കൈവിലങ്ങ് വെച്ചത് സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയെന്നാണ് പറയുന്നത്. എസ്ഐടി ഉദ്യോഗസ്ഥരും അറിയാതെയാണ് ഇത് നടന്നതെന്നും എആര്‍ ക്യാമ്പിലെ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നുമാണ് സൂചന.

 

എൻ വാസുവിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടി

 

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. കൊല്ലം വിജിലൻസ് കോടതിയാണ് റിമാൻഡ് കാലാവധി നീട്ടി ഉത്തരവിറക്കിയത്. വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. കോടതിയിൽ നിന്ന് വാസുവിനെ ഇറക്കുന്ന സമയത്തായിരുന്നു പ്രതിഷേധം. അതേ സമയം, ശബരിമല സ്വർണ്ണ കവർച്ച കേസിൽ മുൻ ദേവസ്വം പ്രസിഡൻ്റ് എ.പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി മറ്റന്നാൾ പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘം പ്രൊഡക്ഷൻ വാറണ്ട് സമർപ്പിച്ചു.

പത്മകുമാറിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങുന്നത്. പോറ്റി സർക്കാരിനെയും സമീച്ചിരുന്നുവെന്ന മൊഴിയിലും കൂടുതൽ വ്യക്തതയുണ്ടാക്കും. കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ. കമ്മീഷ്ണർ എൻ വാസുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. എസ്ഐടിയുടെ അന്വേഷണ റിപോർട്ട് കൂടി കോടതി ആവശ്യപ്പെട്ടു. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷയും നാളത്തേക്ക് മാറ്റി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെ ജാമ്യ ഹർജിയിൽ വിജിലൻസ് കോടതി നാളെ വിധി പറയും.

പത്മകുമാറിനെതിരായ നടപടിയിൽ സി പി എമ്മിൽ രണ്ട് അഭിപ്രായം

അതേസമം, ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിൽ അറസ്റ്റിലായതിന് പിന്നാലെ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമായ എ പത്മകുമാറിനെതിരായ നടപടിയിൽ സി പി എമ്മിൽ രണ്ട് അഭിപ്രായം. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്ന മുറക്ക് നടപടികളിലേക്ക് പോകാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ തീരുമാനം. നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി പങ്കെടുക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനമാണെങ്കിലും പത്മകുമാര്‍ വിഷയവും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നേരിട്ട് പങ്കെടുക്കുന്ന യോഗമായതിനാൽ തന്നെ പത്മകുമാറിനെതിരായ നടപടിയുടെ കാര്യത്തിൽ നാളെ ചേരുന്ന പത്തനംതിട്ട ജില്ലാ സെക്രട്ടേറിയേറ്റ് നിർണായകമാണ്.

തെരഞ്ഞെടുപ്പ് കാലത്ത് സമാനതകളില്ലാത്ത പ്രതിരോധമാണ് സി പി എമ്മിന് ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ് സൃഷ്ടിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവും ഒരുകാലത്ത് കടുത്ത പിണറായി പക്ഷപാതിയുമായിരുന്ന എ പത്മകുമാര്‍ റിമാന്‍റിലാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ തലപ്പത്തിരിക്കെ അനധികൃത ഇടപെടലുകളുടെ കൂടുതൽ വിവരങ്ങൾ അന്വേഷണത്തിന്‍റെ ഭാഗമായി പുറത്ത് വരുന്നുമുണ്ട്. പാര്‍ട്ടി നടപടി ഉറപ്പാണെന്ന് സി പി എം സംസ്ഥാന നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും അത് വൈകുന്നതെന്തിനെന്നാണ് ഉയരുന്ന ഒരു ചോദ്യം. യുവതീ പ്രവേശന വിവാദത്തിൽ എതിര്‍ നിലപാടിലായിരുന്ന പത്മകുമാര്‍ നിലവിൽ പാര്‍ട്ടിക്ക് അനഭിമതനാണ്. പത്തനംതിട്ടയിലെ പ്രാദേശിക വിഷയങ്ങൾ കൂടി മുൻനിര്‍ത്തി ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് തരംതാഴ്ത്തി നിലവിൽ ജില്ലാ കമ്മിറ്റി അംഗമായാണ് പത്മകുമാർ പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ട്ടിയെ വിവാദത്തിലാക്കിയ വിവാദത്തിൽ നടപടി വേഗത്തിലാക്കണമെന്ന അഭിപ്രായം പത്തനംതിട്ട പാര്‍ട്ടിയിൽ ഒരു വിഭാഗത്തിന് ഉണ്ട്. അതേ സമയം തിടുക്കപ്പെട്ട നടപടി ഗുണം ചെയ്യില്ലെന്ന പക്ഷം സംസ്ഥാന നേതൃനിരയിൽ ചിലര്‍ പരസ്യമായി പങ്കുവച്ചിട്ടുമുണ്ട്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ
എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്