
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ വാസുവിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. കൊല്ലം വിജിലൻസ് കോടതിയാണ് റിമാൻഡ് കാലാവധി നീട്ടി ഉത്തരവിറക്കിയത്. വാസുവിനെതിരെ മുദ്രാവാക്യം വിളിച്ചും കരിങ്കൊടി കാണിച്ചും ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. കോടതിയിൽ നിന്ന് വാസുവിനെ ഇറക്കുന്ന സമയത്തായിരുന്നു പ്രതിഷേധം. വിലങ്ങില്ലാതെയാണ് വാസുവിനെ കോടതിയിലെത്തിച്ചത്.
അതേ സമയം, ശബരിമല സ്വർണ്ണ കവർച്ച കേസിൽ മുൻ ദേവസ്വം പ്രസിഡൻ്റ് എ.പത്മകുമാറിൻ്റെ കസ്റ്റഡി അപേക്ഷ കൊല്ലം വിജിലൻസ് കോടതി മറ്റന്നാൾ പരിഗണിക്കും. പ്രത്യേക അന്വേഷണ സംഘം പ്രൊഡക്ഷൻ വാറണ്ട് സമർപ്പിച്ചു. പത്മകുമാറിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനയക്കാണ് പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങുന്നത്. പോറ്റി സർക്കാരിനെയും സമീച്ചിരുന്നുവെന്ന മൊഴിയിലും കൂടുതൽ വ്യക്തതയുണ്ടാക്കും. കേസിലെ മറ്റൊരു പ്രതിയായ ദേവസ്വം മുൻ. കമ്മീഷ്ണർ എൻ വാസുവിൻ്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. എസ്ഐടിയുടെ അന്വേഷണ റിപോർട്ട് കൂടി കോടതി ആവശ്യപ്പെട്ടു. മുൻ തിരുവാഭരണം കമ്മീഷണർ കെ.എസ് ബൈജുവിൻ്റെ ജാമ്യാപേക്ഷയും നാളത്തേക്ക് മാറ്റി. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്‍റെ ജാമ്യ ഹർജിയിൽ വിജിലൻസ് കോടതി നാളെ വിധി പറയും.