
കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ റിമാൻഡിലുള്ള മുരാരി ബാബുവിൻ്റെ ജാമ്യാപേക്ഷ വിശദമായ വാദം കേൾക്കാൻ നാളത്തേക്ക് മാറ്റി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു. മുരാരി ബാബുവിന് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ ഇന്ന് കോടതിയില്‍ വാദിച്ചു. ഉന്നത ഉദ്യോഗസ്ഥൻ എന്ന നിലയിൽ മുരാരി ബാബുവിന് കേസിൽ നേരിട്ട് പങ്കുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. എന്നാൽ, ഉദ്യോഗസ്ഥൻ എന്ന രീതിയിലുള്ള കടമ മാത്രമാണ് ചെയ്തതെന്നും സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നും മുരാരി ബാബു വാദിക്കുന്നത്. താൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസായി ചുമതലയേൽക്കും മുമ്പ് തന്നെ നടപടികൾ തുടങ്ങിയിരുന്നു. കീഴുദ്യോഗസ്ഥൻ എന്ന നിലയിൽ ബോർഡിൻ്റെ ഉത്തരവ് പ്രകാരം പ്രവർത്തിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മുരാരി ബാബു ഇന്ന് കോടതിയില്‍ വാദിച്ചത്.
അതേസമയം, മറ്റൊരു പ്രതിയായ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിനെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് മുന്നോടിയായുള്ള പ്രൊഡക്ഷൻ വാറന്റ് അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചു. കേസിൽ അറസ്റ്റിലായ വാസു നിലവില്‍ കൊട്ടാരക്കര സബ് ജയിലിലാണ്. സ്വർണ പാളി കേസിൽ മൂന്നാം പ്രതിയാണ് മുൻ കമ്മീഷണറും പ്രസിഡൻറുമായ എൻ വാസു. കേസിൽ പ്രതി സ്ഥാനത്തുള്ള എ പത്മകുമാറിന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതിയിലേക്ക് അന്വേഷണം പോകുന്നതിന് മുമ്പാണ് വാസുവിനെ കസ്റ്റഡിയിൽ വാങ്ങുന്നത്. ദേവസ്വം ഭരണ സമിതിക്ക് സ്വർണകൊള്ളയിലെ പങ്കിനെ കുറിച്ചുള്ള വാസുവിന്‍റെ മൊഴി നിർണായകമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam