
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പങ്കുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. തമിഴ്നാട് ഡിണ്ടിഗൽ സ്വദേശി ബാലമുരുകനാണ് ഡി മണിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍. ഇയാളെ ഇന്ന് ചോദ്യം ചെയ്യും. ഇടനിലക്കാരനായ വിരുതനഗർ സ്വദേശി ശ്രീകൃഷ്‌ണനെയും അന്വേഷണ സംഘം തിരച്ചറിഞ്ഞു. അതേസമയം, പ്രവാസിയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വന്നു. ഡി മണിയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണ്. പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താൻ പണവുമായി ഇപ്പോഴും സംഘം കറങ്ങുന്നുവെന്നും വ്യവസായി മൊഴി.
രാജ്യാന്തര വിഗ്രഹക്കടത്ത് സംഘത്തിന് ശബരിമലയിലെ വസ്തുക്കൾ പോറ്റി ഇടനില നിന്ന് വിറ്റെന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. 2019-20 കാലത്ത് ഡി മണി എന്നയാൾക്ക് വിഗ്രഹങ്ങൾ വിറ്റെന്നായിരുന്നു പ്രവാസി എസ്ഐടിക്ക് മൊഴി നല്‍കിയത്. ഡി മണി യഥാർത്ഥ പേരല്ലെന്ന് അന്വേഷണ സംഘം ആദ്യമെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇയാളെ കണ്ടെത്താനും മൊഴിയിൽ വസ്തുതയുണ്ടോ എന്ന് പരിശോധിക്കാനുമായിരുന്നും അന്വേഷണ സംഘത്തിന്‍റെ ശ്രമം. ഇതിനായി എസ്ഐടി സംഘം ഇന്നലെ കർണാടകത്തിലെ ബെല്ലാരിയിലെത്തിയിരുന്നു. കേസിൽ അറസ്റ്റിലായ ബെല്ലാരി സ്വദേശി ഗോവർധന്‍റെ റൊഡ്ഡം ജ്വല്ലറിയിൽ എസ്ഐടി പരിശോധന നടത്തി. അഞ്ചംഗ സംഘമാണ് റൊഡ്ഡം ജ്വല്ലറിയിൽ പരിശോധന നടത്തിയത്. രണ്ടാം തവണയാണ് സ്വർണക്കവർച്ച അന്വേഷിക്കുന്ന പ്രത്യേക സംഘം ബെല്ലാരിയിൽ എത്തുന്നത്.
നേരത്തെ ഉണ്ണികൃഷ്ണൻ പോറ്റിയുമായി തെളിവെടുപ്പ് നടത്താൻ തിരിച്ച സംഘം ബെല്ലാരിയിൽ എത്തുകയും ഗോവർധനെ ചോദ്യം ചെയ്യുകയും ജ്വല്ലറിയിൽ നിന്ന് 474 ഗ്രാം സ്വർണം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പിടിച്ചെടുത്ത സ്വർണം താൻ പണം നൽകി വാങ്ങിയതാണെന്നും എസ്ഐടി പീഡിപ്പിക്കുകയാണെന്നും അറസ്റ്റിലായ ഗോവർധൻ ആരോപിക്കുന്നതിനിടെയാണ് പ്രത്യേക സംഘം ബെല്ലാരിയിലെത്തി പരിശോധന നടത്തിയത്. യഥാർത്ഥ സ്വർണപ്പാളി എവിടെ എന്ന് കണ്ടത്തുന്നതിന്റെ ഭാഗമായാണ് പരിശോധന.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam