
പത്തനംതിട്ട: സ്വർണകൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം നിർണായക പരിശോധനയ്ക്കായി ഇന്ന് വീണ്ടും ശബരിമലയിൽ എത്തും. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളുടെ സാമ്പിൾ ശേഖരിക്കും. മുമ്പ് നടത്തിയ പരിശോധനയിൽ തട്ടിപ്പിന്‍റെ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് കൂടുതൽ പരിശോധനയ്ക്ക് ഹൈക്കോടതി അനുമതി നൽകിയത്. ഉച്ചയ്ക്ക് പമ്പയിൽ എത്തുന്ന എസ്ഐടി സംഘം അവലോകന യോഗത്തിനുശേഷം സന്നിധാനത്ത് എത്തും.
വെള്ളി, ശനി ദിവസങ്ങളിൽ നട അടച്ച ശേഷം ആയിരിക്കും സാമ്പിളുകൾ ശേഖരിക്കുക. തുടർന്ന് വിദഗ്ധ പരിശോധനയ്ക്കായി കൈമാറും. സ്വർണ കൊള്ള കേസിലെ കുറ്റപത്രം അടക്കം തയ്യാറാക്കുന്നതിൽ നിർണായകമാണ് ഈ പരിശോധന. ലീഗൽ മെട്രോളജി വിഭാഗത്തിലെ ഗോൾഡ് അസെസ്മെന്റ് വിദഗ്ധരാണ് സംഘത്തിൽ പ്രധാനമായും ഉള്ളത്. മാസ പൂജയ്ക്കായി ഇന്ന് വൈകിട്ടാണ് നട തുറക്കുക.
ശബരിമല സ്വർണക്കൊള്ളയിൽ തിരുവാഭരണം മുൻ കമ്മീഷണർ കെ.എസ് ബൈജുവിന്‍റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. റിമാൻഡ് 90 ദിവസം പൂർത്തിയായതോടെയാണ് കട്ടിളപ്പാളി കേസിൽ പ്രതി സ്വാഭാവിക ജാമ്യം തേടിയത്. എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കൂടി ചൂണ്ടിക്കാട്ടിയാണ് ജാമ്യ നീക്കം. ജാമ്യം ലഭിക്കുമെങ്കിലും കെ.എസ്.ബൈജുവിന് പുറത്തിറങ്ങാനാകില്ല. ദ്വാരപാലക കേസിൽ റിമാൻഡിൽ തുടരും. ഈ മാസം 25 ന് ദ്വാരപാലകയിൽ സ്വാഭാവിക ജാമ്യ ഹർജി സമർപ്പിക്കും. സ്വർണക്കൊള്ളയിൽ ഇതുവരെ അഞ്ച് പ്രതികൾ ജാമ്യം നേടി പുറത്തിറങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam