
ദില്ലി: ശബരിമല സ്വർണക്കൊള്ള കേസില്‍ ഉയരുന്ന ആരോപണങ്ങള്‍ക്കെതിരെ ദേവസ്വം ബോർഡ് മുൻ സെക്രട്ടി എസ് ജയശ്രീ സുപ്രീംകോടതിയിൽ പുതിയ സത്യവാങ്മൂലം ഫയൽ ചെയ്തു. ദ്വാരപാലക ശില്പ പാളികൾ സന്നിധാനത്തിന് പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നാണ് ജയശ്രീ സത്യവാങ്മൂലത്തിൽ പറയുന്നത്. തിരുവാഭരണം കമ്മീഷണറുടെ സാന്നിധ്യത്തിലും മേൽനോട്ടത്തിലും പണികൾ നടത്തുന്നതിനാണ് അനുമതി നൽകിയതെന്നും ജയശ്രീ പറയുന്നു. ദേവസ്വം ബോർഡിന്റെ മിനിറ്റ്സിൽ തിരുത്ത് വരുത്തിയിട്ടില്ലെന്നും, ബോർഡ് എടുത്ത തീരുമാനങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും എസ് ജയശ്രീ വിശദീകരിക്കുന്നു. നടപടികൾ എല്ലാം ബോർഡ് തീരുമാനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. താൻ ജീവിതത്തിൽ ഒരിക്കൽ പോലും ശബരിമലയിൽ പോയിട്ടില്ലെന്നും എസ് ജയശ്രീ സത്യവാങ്മൂലത്തിൽ കൂട്ടിച്ചേര്‍ത്തു. കേസിൽ സുപ്രീംകോടതിയുടെ പരിഗണന തുടരുകയാണ്.
ശബരിമല സ്വർണക്കവർച്ച കേസിൽ നാലാം പ്രതിയാണ് എസ് ജയശ്രീ. സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറാൻ 2019ൽ ഉത്തരവിറക്കിയെന്നാണ് ജയശ്രീയുടെ പേരിലുള്ള ആരോപണം. നേരത്തെ ഹൈക്കോടതി രണ്ട് വട്ടം ജയശ്രീയുടെ ഹർജി തള്ളിയിരുന്നു. പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം തേടി ജയശ്രീ സുപ്രീംകോടതിയെ സമീപിച്ചത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും അന്വേഷണവുമായി സഹകരിക്കാമെന്നുമായിരുന്നു ജയശ്രീയുടെ നിലപാട്. സ്വര്‍ണകൊള്ളയിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥയെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുളള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ജയശ്രീയുടെ വാദം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam