
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ വിശദീകരണവുമായി മുൻ ദേവസ്വം മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയതെന്നാണ് കടകംപള്ളിയുടെ വിശദീകരണം. എന്നാൽ, സന്ദർശന വേളയിൽ അദ്ദേഹത്തിൽ നിന്ന് യാതൊരുവിധ സമ്മാനങ്ങളും താൻ കൈപ്പറ്റിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഗൺമാനും ഒപ്പമാണ് ഒരിക്കല്‍ പോറ്റിയുടെ വീട്ടില്‍ പോയത്. ഒരു പരിപാടിക്ക് പങ്കെടുക്കാനാണ് പോയത്. കുട്ടിയുടെ പരിപാടി എന്ന് ഇന്നലെ പറഞ്ഞത് പിശക് പറ്റിയതാണെന്നും പോറ്റിയുടെ അച്ഛൻ്റെ എന്തോ ചടങ്ങിലാണ് പോയതെന്നും കടകംപള്ളി ഇന്ന് തിരുത്തി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഭയിൽ ഭരണപക്ഷം സോണിയ ഗാന്ധി പോറ്റി ചിത്രം ആയുധമാകുമ്പോൾ വേറിട്ട നിലപാടുമായി കടകംപള്ളി സുരേന്ദ്രൻ. സോണിയ കളങ്കിതനായ ഒരാളെ വീട്ടിൽ കയറ്റുമെന്ന് തോന്നുന്നില്ലെന്നാണ് കടകംപള്ളി സുരേന്ദ്രൻ്റെ പ്രതികരണം. ശബരിമല സ്വർണ്ണക്കൊള്ളയിൽ ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. രാഷ്ട്രീയത്തിന്റെ പേരിലുള്ള കാട്ടിക്കൂട്ടലാണ് പ്രതിപക്ഷം കാണിക്കുന്നത്. ദേവസ്വം മന്ത്രിക്ക് ശബരിമലയിലെ എല്ലാ കാര്യങ്ങളിലും ഇടപെടേണ്ട കാര്യമില്ല. അന്ന് പോറ്റി കളങ്കിതനാണെന്ന് ബോധ്യമില്ലായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി അനാവശ്യമായി ഒരു ബന്ധവുമില്ലെന്നും കടകംപള്ളി വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam