
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ റിമാന്‍ഡിലുള്ള മുൻ ദേവസ്വം ബോർഡ് അംഗം കെപി ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ഇന്ന് രാത്രിയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ശങ്കരദാസിനെ പൂജപ്പുര സെന്‍ട്രൽ ജയിലിലേക്ക മാറ്റിയത്. കേസിലെ 11ാം പ്രതിയാണ് കെപി ശങ്കരദാസ്. ജയിലിലെ മെഡിക്കൽ ഓഫീസര്‍ രേഖകള്‍ പരിശോധിച്ചശേഷം ജയിലിലെ ആശുപത്രി സെല്ലിൽ അഡ്മിറ്റ് ചെയ്തു. ഇന്ന് ചേര്‍ന്ന മെഡിക്കൽ ബോര്‍ഡിന്‍റെ തീരുമാനപ്രകാരമാണ് ശങ്കരദാസിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത് ജയിലിലേക്ക് മാറ്റിയത്. ഇക്കഴിഞ്ഞ 17നാണ് ശങ്കരദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേ ഐസിയുവിൽ പ്രവേശിപ്പിച്ചത്. നേരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്ന ശങ്കരദാസിനെ കേസിൽ അറസ്റ്റ് ചെയ്തശേഷമാണ് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നത്.
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ഇനി ആശുപത്രിയിൽ തുടരേണ്ടതില്ലെന്നും വ്യക്തമാക്കി മെഡിക്കൽ ബോര്‍ഡ് റിപ്പോര്‍ട്ട് നൽകിയതോടെയാണ് ജയിലിലേക്ക് മാറ്റാൻ തീരുമാനിച്ചത്. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റിയത് സംബന്ധിച്ച് ഈ മാസം 27 ന് കോടതിക്ക് റിപ്പോർട്ട് നൽകും. 84 വയസുള്ള ശങ്കരദാസിന്‍റെ ആരോഗ്യസ്ഥിതി വിലയിരുത്തി റിപ്പോര്‍ട്ട് നൽകാൻ ജയിൽ സൂപ്രണ്ടിന് ഹൈക്കോടതി നിര്‍ദേശം നൽകിയിരുന്നു. മെഡിക്കൽ ബോർഡ് രൂപീകരിച്ചു രേഖകൾ പരിശോധിക്കണം എന്നായിരുന്നു ഉത്തരവ്. നേരത്തെ ശങ്കരദാസിനെ അറസ്റ്റ് ചെയ്യാൻ വൈകിയതിന് എസ്ഐടിയെ വിമര്‍ശിച്ചിരുന്നു. ചോദ്യം ചെയ്യലിനു ഹാജരായ ശങ്കര ദാസ്, പ്രതി ചേർത് ശേഷമാണ് ആശുപത്രിയിൽ അഡ്മിറ്റ് ആയതെന്നും കോടതി വിമര്‍ശിച്ചിരുന്നു. പ്രതിയുടെ മകൻ ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായതിനാലോയെന്നും അറസ്റ്റ് ചെയ്യാത്തതെന്നും കോടതി വിമര്‍ശിച്ചിരുന്നു.
ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു പുറത്തിറങ്ങി. ഇന്ന് രാത്രിയോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി മുരാരി ബാബു ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. തിരുവനന്തപുരത്തെ സ്പെഷ്യൽ സബ് ജയിലിൽ നിന്നാണ് മുരാരി ബാബു പുറത്തിറങ്ങിയത്. കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നതെന്നും പ്രധാന വ്യവസ്ഥ മാധ്യമങ്ങളോട് സംസാരിക്കാൻ പാടില്ലെന്നും മുരാരി ബാബുവിന്‍റെ അഭിഭാഷകൻ സജികുമാര്‍ ചങ്ങനാശ്ശേരി പ്രതികരിച്ചു. പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കാൻ പാടില്ലെന്നും സംസ്ഥാനം വിട്ടുപോകാൻ പാടില്ലെന്നതുമടക്കമുള്ള നിബന്ധനകളാണ് ഉള്ളതെന്നും സജികുമാര്‍ പറഞ്ഞു. മുരാരി ബാബുവിന് ദ്വാരപാലക കേസിലും കട്ടിളപ്പാളി കേസിലും ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞതോടെയാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. അതേസമയം, കേസിഷ തന്ത്രി കണ്ഠര് രാജീവരുടെ റിമാൻഡ് 14 ദിവസം കൂടി നീട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam