
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും. വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ പ്രകാരമാണ് ഉണ്ണികൃഷ്‌ണൻ പോറ്റി ഹാജരാകുന്നത്. അതേസമയം തന്ത്രിയുടെ ജാമ്യഹർജി എതിർത്ത് കൊണ്ടുള്ള എസ്ഐടിയുടെ റിപ്പോർട്ട് ഇന്ന് കൊല്ലം വിജിലൻസ് കോടതിയിൽ നൽകും. തിങ്കളാഴ്ചയാണ് ഹർജിയിൽ വാദം കേൾക്കുക.
110 ദിവസത്തിന് ശേഷമാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇന്നലെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാൽ ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെയാണ് ജയിൽ മോചനം. മുരാരി ബാബുവിനും, ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിച്ചത്. ജനുവരി 21ന് ആയിരുന്നു പോറ്റിക്ക് ദ്വാരപാലകപാളി കേസിൽ ജാമ്യം ലഭിച്ചത്. ഇന്ന് കട്ടിളപാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം.
ഫെബ്രുവരി 11 എൻ വാസു, 20 സിപിഎം നേതാവ് പത്മകുമാർ അടക്കമുള്ള മറ്റ് പ്രതികളുടെയും അറസ്റ്റ് നടന്ന് 90 ദിവസം പൂർത്തിയാകും. നിലവിലെ സാഹചര്യത്തിൽ ഇരുവർക്കും കൂടി ജാമ്യം ലഭിച്ചേക്കും. പോറ്റിയുമായുള്ള ബന്ധത്തിൽ മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ് അടക്കമുള്ളവർക്കെതിരെ എസ്ഐടി അന്വേഷണം തുടരുന്നതിനിടെയാണ് പോറ്റി പുറത്തെത്തുന്നത്. ഇക്കാര്യത്തിൽ പോറ്റി എന്ത് വെളിപ്പെടുത്തൽ നടത്തും എന്നതും കാത്തിരുന്ന് കാണണം. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന പോറ്റിയെ കാത്തി ഇഡിയുമുണ്ട്. നേരത്തെ 1.3 കോടി രൂപയുടെ സ്വത്ത് ഇഡി മരവിപ്പിച്ചിരുന്നു. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ ഇഡിയും ഉടനെ ചോദ്യം ചെയ്യും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam