
തിരുവനന്തപുരം: ശബരിമലയിലെ സ്വർണ്ണക്കവർച്ചയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയ്ക്ക് വേണ്ടി മുരാരി ബാബു ഇടപെട്ടതിനുള്ള തെളിവുകൾ പുറത്ത്. 2024 ൽ ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി സ്മാർട്ട് ക്രിയേഷൻസിൽ എത്തിക്കാൻ നീക്കം നടത്തി. ദേവസ്വം ബോർഡിനെ അറിയിക്കും മുൻപ് മുരാരി ബാബു സ്മാർട്ട് ക്രിയേഷന് കത്ത് അയച്ചു. ദ്വാരപാലക പീഠം ഉണ്ണികൃഷ്ണൻ പോറ്റി വഴി എത്തിക്കുമെന്നായിരുന്നു മുരാരി ബാബു കമ്പനിക്ക് അയച്ച കത്ത്. വിവരങ്ങൾ അറിയിച്ചു സ്മാർട്ട് ക്രിയേഷൻസ് തിരിച്ചും കത്ത് അയച്ചു. കത്തിൽ എക്‌സിക്യുട്ടീവ് ഓഫീസർ ആയിരുന്ന മുരാരി ബാബു തുടർ അനുമതിക്കായി ഒപ്പുവെച്ചു. എന്നാൽ മുരാരി ബാബുവിന്റെ നീക്കം ദേവസ്വം ബോർഡ് തടയുകയായിരുന്നുവെന്നും ദേവസ്വം വിജിലൻസ് കണ്ടെത്തി.
ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ശബരിമലയിൽ വഴി വിട്ട ഇടപെടലിനു മുരാരി ബാബു മുൻപും അവസരം ഒരുക്കിയെന്നു ദേവസ്വം വിജിലൻസ് കണ്ടെത്തി. മുരാരി ബാബു നടത്തിയ നീക്കത്തിൽ ഇടപെട്ടിരുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം മാത്രമായി കൊടുക്കാനുള്ള തീരുമാനത്തിലാണ് ഇടപെട്ടതെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.