അറസ്റ്റ് മണത്ത തന്ത്രിയെ എസ്ഐടി കുരുക്കിയത് തന്ത്രപരമായി; പോറ്റിയെ കേറ്റിയതും ശക്തനാക്കിയതും കണ്ഠരര് രാജീവര്?

Published : Jan 09, 2026, 04:44 PM IST
Sabarimala

Synopsis

ശബരിമല സ്വർണക്കൊള്ള കേസിൽ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്യപ്പെടില്ലെന്ന് തെറ്റിദ്ധരിപ്പിച്ച് മുൻകൂർ ജാമ്യം നേടുന്നത് തടഞ്ഞ എസ്ഐടി, തന്ത്രപരമായ നീക്കമാണ് നടത്തിയത്. പോറ്റിയെ ശബരിമലയിലെത്തിച്ചതിലും സ്വർണം കടത്തിയതിലും തന്ത്രിക്ക് പങ്കുണ്ടോ?

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് കണ്ഠരര് രാജീവര് നേരത്തെ മനസിലാക്കിയിരുന്നതായി വിവരം. ഹൈക്കോടതിയിൽ എസ്ഐടി നടത്തിയ വെളിപ്പെടുത്തലാണ് തന്ത്രിയെ ജാഗ്രതയിലാക്കിയത്. എന്നാൽ തന്ത്രി രക്ഷപ്പെടാനുള്ള വഴി തേടുമെന്ന് മനസിലാക്കിയ എസ്ഐടി നീക്കങ്ങൾ വൈകിപ്പിച്ചതാണ് ഇപ്പോഴത്തെ അറസ്റ്റിലേക്ക് എത്തിച്ചത്.

പോറ്റിയുടെ പവർ

ഉണ്ണികൃഷ്ണൻ പോറ്റിയെ ശക്തനാക്കിയത് തന്ത്രിയെന്നാണ് പുറത്തുവരുന്നത്. പോറ്റിയെ ശബരിമലയിലെത്തിച്ചതിൽ മുഖ്യ പങ്ക് കണ്ഠരര് രാജീവർക്കാണെന്ന് അന്വേഷണത്തിൽ വ്യക്തമാക്കി. പോറ്റി ശാന്തിക്കാരനായി ജോലി ചെയ്ത ബെംഗളൂരുവിലെ ക്ഷേത്രത്തിലെ തന്ത്രിമുഖ്യൻ കണ്ഠരര് രാജീവരായിരുന്നു. ഈ ബന്ധമാണ് പോറ്റിയെ ശബരിമലയിൽ കീഴ്‌ശാന്തിയുടെ പരികർമിയായി നിയമിക്കാൻ കാരണമായത്. വിവിധ ഭാഷകൾ അറിയുന്ന പോറ്റി, ശബരിമലയിലെത്തിയപ്പോൾ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ധനികരെ തന്ത്രിക്ക് പരിചയപ്പെടുത്തി കൊടുത്തു. എന്നാൽ ഒരു ഘട്ടത്തിൽ ആരോപണ വിധഘേയനായി പോറ്റി ശബരിമലയിൽ നിന്ന് പോയെങ്കിലും തന്ത്രിയുടെ ഇടപെടലിലൂടെ ഇദ്ദേഹം സ്പോൺസർ എന്ന, കൂടുതൽ സ്വാധീനമുള്ള സ്ഥാനത്ത് തിരിച്ചെത്തി. ശബരിമലയിൽ തന്ത്രിയുടെ വാക്കിന് വലിയ വിലയുണ്ടെന്നതാണ് ഇതിന് കാരണം. പൂജാവിധികളിലും മറ്റ് കാര്യങ്ങളിലും അവസാനവാക്ക് തന്ത്രിയുടേതാണ്. സ്വർണപ്പാളി പുറത്തുകൊണ്ടുപോയതിന് തന്ത്രിയുടെ അനുമതി ഉണ്ടായിരുന്നുവെന്ന് മുൻ ദേവസം ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത് പറഞ്ഞതിൻ്റെ കാരണവും ഇതാണ്.

തന്ത്രിയെ കുരുക്കിയ ബുദ്ധി

ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലോ മൊഴികളുടെ അടിസ്ഥാനത്തിലോ അല്ല തന്ത്രിയെ അറസ്റ്റ് ചെയ്തതെന്നാണ് എസ്ഐടിയിൽ നിന്ന് ലഭിക്കുന്ന വിവരം. തന്ത്രിയുടെ പങ്ക് കണ്ടെത്താൻ ഗവേഷണം തന്നെ നടത്തിയെന്നും അവർ പറയുന്നു. തന്ത്രിക്കെതിരെ തെളിവുകൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ നിയമപരമായി കേസിൽ ഉൾപ്പെടുത്താൻ സാധിക്കുമോയെന്ന ചോദ്യം പ്രസക്തമായിരുന്നു. എന്നാൽ തന്ത്രിക്ക് സർക്കാർ ശമ്പളം നൽകുന്നതിനാൽ അദ്ദേഹം അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുമെന്ന് കണ്ടെത്തി. ഈയടുത്ത് ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ തന്ത്രിയിലേക്ക് അന്വേഷണം നീങ്ങുമെന്ന് എസ്ഐടി പറഞ്ഞിരുന്നു. ഇതോടെയാണ് തന്ത്രി താൻ അറസ്റ്റ് ചെയ്യപ്പെടുമെന്ന് മനസിലാക്കിയത്. ഇദ്ദേഹം അഭിഭാഷകരെ ബന്ധപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ അന്വേഷണ സംഘം ചാടിക്കയറി അറസ്റ്റിലേക്ക് നീങ്ങിയില്ല. പകരം തന്ത്രിയെ പഴുതടച്ച് അറസ്റ്റ് ചെയ്യാനായി വീണ്ടും അന്വേഷണത്തിലെ കണ്ടെത്തലുകൾ വിശദമായി പരിശോധിച്ചു. സാക്ഷിയാക്കാനെന്നോണം എസ്ഐടി നിരന്തരം തന്ത്രിയെ ബന്ധപ്പെടുകയും ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ സമർപ്പിക്കുന്നതിൽ നിന്ന് തന്ത്രിയെ തടയുകയായിരുന്നു ലക്ഷ്യം. ഇതിന് ശേഷം കൊല്ലം കോടതിയിൽ കഴിഞ്ഞ ദിവസം പദ്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ വാദം നടന്നപ്പോൾ, തന്ത്രിയിലേക്ക് അന്വേഷണം നീങ്ങുന്നതിനെ കുറിച്ച് എസ്ഐടി മിണ്ടിയില്ല. ഇതോടെ തന്നെ അറസ്റ്റ് ചെയ്യില്ലെന്ന് തന്ത്രിയും കരുതി. അതിനാലാണ് അദ്ദേഹം ഇന്ന് മൊഴി നൽകാനെത്തിയത്. ആറ്റിങ്ങലിലെ കേന്ദ്രത്തിൽ വച്ചാണ് ചോദ്യം ചെയ്തത്. പിന്നീട് ഈഞ്ചക്കലിലേക്ക് കൊണ്ടുവന്നു. കൊല്ലത്ത് ജഡ്ജിയുടെ ചേംബറിൽ ഇന്ന് തന്നെ അദ്ദേഹത്തെ ഹാജരാക്കും. റിമാൻ്റ് റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവന്നാൽ തന്ത്രിയുടെ പങ്കിൽ കൂടുതൽ വ്യക്തത വരും. കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്താലും എസ്ഐടിയുടെ അന്വേഷണത്തിൽ വീഴ്ചയുണ്ടെന്ന് വരാൻ പാടില്ലെന്ന നിർബന്ധം എസ്ഐടിക്ക് ഇപ്പോഴുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ചിന്നക്കനാൽ ഭൂമി കേസ്; മാത്യു കുഴൽനാടന് വിജിലന്‍സ് നോട്ടീസ്, ജനുവരി 16ന് ചോദ്യം ചെയ്യലിന് ഹാജരാകണം
'നാളെ തിരുവനന്തപുരത്തേക്ക് പോകുന്നു, യുഡിഎഫ് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറാണ്'- അഖിൽ മാരാർ