ശബരിമല സ്വർണകൊള്ള കേസിൽ നാളെ നിര്‍ണായകം, അന്വേഷണ റിപ്പോര്‍ട്ട് നാളെ ഹൈക്കോടതിക്ക് കൈമാറും, പത്മകുമാറിന്‍റെ ജാമ്യാപേക്ഷ നീട്ടി

Published : Dec 02, 2025, 01:37 PM IST
padmakumar

Synopsis

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറി‍ന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. അതേസമയം, കേസിൽ മൂന്നാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ എസ്ഐടി ഹൈക്കോടതിയിൽ സമർപ്പിക്കും

കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാറി‍ന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം എട്ടിലേക്ക് മാറ്റി. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം വിജിലൻസ് കോടതിയിൽ പത്മകുമാര്‍ ജാമ്യഹർജി സമർപ്പിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോർഡിൽ ഒപ്പമുണ്ടായിരുന്ന മറ്റ് അംഗങ്ങളെ കൂടി പ്രതിക്കൂട്ടിലാക്കുന്നതാണ് പത്മകുമാറിന്‍റെ ജാമ്യ ഹർജി. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണം പൂശിയ കട്ടിളപാളികൾ കൈമാറിയത് ഉൾപ്പടെ കൂട്ടായെടുത്ത തീരുമാനങ്ങൾക്ക് താൻ മാത്രം എങ്ങനെ ഉത്തരവാദിയാകുമെന്നാണ് ജാമ്യഹർജിയിലെ പ്രധാന ചോദ്യം. മിനുട്സിൽ ചെമ്പ് എന്നെഴുതിയത് എല്ലാവരുടെയും അറിവോടെയാണെന്നും ഹർജിയിൽ പറയുന്നു. വീഴ്ച പറ്റിയെങ്കിൽ എല്ലാവർക്കും ഒരേ പോലെ ബാധ്യതയുണ്ടെന്നാണ് വാദം. തന്നെ മാത്രം വേട്ടയാടുന്നതിലെ അമർഷം കൂടിയാണ് പത്മകുമാർ ജാമ്യ ഹർജിയിൽ വ്യക്തമാക്കുന്നത്. 

അതേസമയം, ശബരിമല സ്വര്‍ണകൊള്ള കേസിൽ നാളെ നിര്‍ണായക ദിവസമാണ്. ശബരിമല സ്വർണകൊള്ള കേസിൽ മൂന്നാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. അന്തിമറിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക സംഘം കൂടുതൽ സമയം ആവശ്യപ്പെടും. അന്വേഷണത്തിനായി കോടതി അനുവദിച്ച ആറാഴ്ചത്തെ സമയം നാളെ അവസാനിക്കും. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം ആവശ്യപ്പെടുന്നത്. മുൻ ദേവസ്വം പ്രസിഡൻറ് പത്മകുമാറിന്‍റെ അറസ്റ്റിന് ശേഷമുളള അന്വേഷണ പുരോഗതികള്‍ നാളെ കോടതിയെ അറിയിക്കും. ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല. അന്വേഷണത്തിന്‍റെ അടുത്ത നീക്കവും എസ്ഐടി കോടതിയെ അറിയിക്കും. കേസിന്‍റെ തുടര്‍ നടപടികളിൽ നാളത്തെ ഹൈക്കോടതിയുടെ തീരുമാനവും നിര്‍ണായകമാണ്.

ശബരിമല സ്വര്‍ണകൊള്ളയിൽ നേരത്തെ തന്ത്രിമാരുടെ മൊഴിയും എസ്ഐടിയെടുത്തിരുന്നു. തന്ത്രിമാരായ കണ്ഠരര് രാജീവര്, കണ്ഠരര് മോഹനര്, കണ്ഠരര് മഹേഷ് മോഹനര് എന്നിവരുടെ മൊഴിയാണ് എടുത്തിരുന്നത്. സ്വര്‍ണപ്പാളിയിൽ അനുമതി നൽകിയത് ദേവസ്വം ഉദ്യോഗസ്ഥര്‍ പറഞ്ഞുപ്രകാരമാണെന്നാണ് തന്ത്രിമാരുടെ മൊഴി. അന്വേഷണത്തിന്‍റെ കൂടുതൽ വിവരങ്ങള്‍ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ തന്ത്രിമാരുടെ മൊഴിയെടുത്തിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് രാജീവരുടെയും മോഹനരുടെയും മൊഴിയെടുത്തത്. കഴിഞ്ഞ ദിവസമാണ് കേസിൽ മഹേഷ് മോഹനരുടെ മൊഴിയെടുത്തത്. 

2022ൽ ദ്വാരപാലക പാളികള്‍ കൊണ്ടുപോകാൻ അനുമതി തേടിയത് ദേവസ്വം ബോര്‍ഡാണെന്നും അതിൽ അനുമതി നൽകുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് മഹേഷ് മോഹനരുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയാമെന്നും ഗോവര്‍ദ്ധനെയും പരിചയമുണ്ടെന്നും ഭക്തനെന്ന നിലയിൽ ഗോവര്‍ദ്ധന ക്ഷണിച്ചതിനാലാണ് ജ്വല്ലറിയിൽ പോയതെന്നുമാണ് മഹേഷ് മോഹനരുടെ മൊഴി. സ്മാര്‍ട്ട് ക്രിയേഷനിൽ നിന്നും വേര്‍തിരച്ച സ്വര്‍ണം വിറ്റത് ബെല്ലാരിയിലെ ഗോവര്‍ദ്ധന്‍റെ ജ്വല്ലറിയിലാണെന്ന് നേരത്തെ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഗോവര്‍ദ്ധനടക്കമുള്ളവര്‍ സ്ഥിരമായി ശബരിമലയിൽ വരുന്നവരാണെന്നും അത്തരത്തിലാണ് പരിചയമെന്നുമായിരുന്നു മഹേഷ് മോഹനരുടെ മൊഴി.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'രാഹുലിനെ എതിർത്താൽ വെട്ടുകിളിക്കൂട്ടം പോലെ സൈബർ ആക്രമണം, പുറത്തുവന്നത് ബീഭത്സമായ കാര്യങ്ങൾ, പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ': പിണറായി
കേരള പത്ര പ്രവര്‍ത്തക യൂണിയൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ് ജയശങ്കര്‍ അന്തരിച്ചു