ശബരിമല ഗ്രീൻഫീല്‍ഡ് വിമാനത്താവളം: ഒരു വര്‍ഷത്തിനകം സ്ഥലം ഏറ്റെടുക്കും

By Web TeamFirst Published Jun 22, 2020, 7:51 PM IST
Highlights

നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥലം ഏറ്റെടുക്കാൻ കോട്ടയം ജില്ലാ കളക്ടറുടെ തീരുമാനം. 

പത്തനംതിട്ട: നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി ഒരു വര്‍ഷത്തിനുള്ളില്‍ സ്ഥലം ഏറ്റെടുക്കാൻ കോട്ടയം ജില്ലാ കളക്ടറുടെ തീരുമാനം. ശബരിമല തീര്‍ത്ഥാടകര്‍ക്കും പ്രവാസികള്‍ക്കുമാണ് വിമാനത്താവളം യാഥാര്‍ത്ഥ്യമായാല്‍ കൂടുതല്‍ പ്രയോജനം ലഭിക്കുക. നാട്ടില്‍ വിമാനത്താവളം വരുന്നതിന്‍റെ ആഹ്ളാദത്തിലാണ് എരുമേലിയിലെ ജനങ്ങള്‍.

ഇത്തിരി കുഞ്ഞൻ കേരളത്തിലിതാ വരുന്നു അഞ്ചാമതൊരു വിമാനത്താവളം. ഭൂമി ഏറ്റെടുക്കാൻ ഉത്തരവായതോടെ ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാകാനൊരുങ്ങുന്നു.നാല് ലക്ഷത്തിലധികം പ്രവാസികളാണ് കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലുള്ളത്. നെടുമ്പാശേരി, തിരുവന്തപുരം വിമാനത്താവളങ്ങളെ നിലവില്‍ ആശ്രയിക്കുന്ന ഇവര്‍ക്ക് എരുമേലി വിമാനത്താവളം ഏറെ പ്രയോജനം ചെയ്യും.

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് മണിക്കൂറുകളോളം യാത്ര ചെയ്യേണ്ടി വരുന്ന ശബരിമല തീര്‍ത്ഥാടകരെയും പുതിയ വിമാനത്താവളം ഏറെ സഹായിക്കും. വിദേശ തീര്‍ത്ഥാടകര്‍ക്കും ചുരുങ്ങിയ സമയം കൊണ്ട് സന്നിധാനത്തെത്താം. മലയോര ടൂറിസത്തിനും സാധ്യതകളേറും. 

അനുമതികളെല്ലാം ലഭിച്ച് കഴിഞ്ഞാല്‍ പത്ത് വര്‍ഷം കൊണ്ട് വിമാനത്താവളം യാഥാര്‍ത്ഥ്യമാകും. വിമാനത്താവളത്തിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ് നാട്ടുകാര്‍ക്ക്. കേരളത്തിലെ മറ്റേത് വിമാനത്താവളങ്ങളേക്കാള്‍ കാറ്റ് ഏറെ അനുകൂലമാണിവിടെ. വളരെ ഉയരം കൂടിയ പ്രദേശമായതിനാല്‍ വെള്ളപ്പൊക്ക ഭീഷണിയില്ല.

click me!