
പത്തനംതിട്ട : ശബരിമല (Sabarimala) തീര്‍ത്ഥാടകര്‍ക്ക് വേണ്ടി പരമ്പരാഗത കരിമല പാത (Karimala Traditional Route) തുറക്കുന്നതിന് നടപടി തുടങ്ങി. മകരവിളക്ക് ഉത്സവത്തിനോട് അനുബന്ധിച്ച് കരിമല പാത തുറക്കാനാണ് നീക്കം. ശബരിമല തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടുന്നതും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്.
ഏരുമേലിയില്‍ പേട്ട തുള്ളി പരമ്പരാഗത കാനന പാതയായ കരിമല വഴിയുള്ള ശബരിമല ദര്‍ശനം കഴിഞ്ഞ തീര്‍ത്ഥാടന കാലം മുതല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് കരിമല പാത തുറക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുന്നത്. നാല്‍പ്പത് കിലോമിറ്റര്‍ നീളുന്ന പരമ്പരാഗത കാനനപാത തെളിക്കുന്നതിന്‍റെ ഭാഗമായി വനംവകുപ്പും റവന്യൂ വകുപ്പും ചേര്‍ന്ന് നടപടി ആരംഭിച്ചു.
ശബരിമല തീര്‍ത്ഥാടകരുടെ ഏണ്ണം ദിനംപ്രതി 60,000 ഉയര്‍ത്തുന്നതും സര്‍ക്കാരിന്‍റെ പരിഗണനയില്‍ ഉണ്ട്. തീര്‍ത്ഥാടകരുടെ ഏണ്ണം കൂടാന്‍ തുടങ്ങിയതോടെ നിലക്കലില്‍ കൗണ്ടറുകളുടെ ഏണ്ണം കൂട്ടി. നേരിട്ടുള്ള നെയ്യഭിഷേകത്തിന് ഉടന്‍ അനുമതി കിട്ടുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍. നീലിമല പാത തുറന്നതോടെ സന്നിധാനത്ത് തീര്‍ത്ഥാടകരുടെ ഏണ്ണം കൂടി. ഇതുവരെ ആറ് ലക്ഷത്തി അന്‍പത്തിരണ്ടായിരം പേര്‍ സന്നിധാനത്ത് ദര്‍ശനം നടത്തി. വരുമാനം നാല്‍പത് കോടി കഴിഞ്ഞു.