University Issue : സർവകലാശാല വിവാദം: ജുഡീഷ്യൽ അന്വേഷണം വേണം, 'സിപിഎം-ബിജെപി തർക്കം ഇടനിലക്കാർ പരിഹരിക്കുമല്ലോ'

Web Desk   | Asianet News
Published : Dec 13, 2021, 11:30 AM IST
University Issue : സർവകലാശാല വിവാദം: ജുഡീഷ്യൽ അന്വേഷണം വേണം, 'സിപിഎം-ബിജെപി തർക്കം ഇടനിലക്കാർ പരിഹരിക്കുമല്ലോ'

Synopsis

നിയമവിരുദ്ധമായ കാര്യങ്ങളിൽ ഒപ്പിട്ടു നൽകിയെന്ന് ഗവർണറും വ്യക്തമാക്കിക്കഴിഞ്ഞു. അതും നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് വി ഡി സതീശൻ

കൊല്ലം: ചാൻസലർ പദവി ഏറ്റെടുക്കാൻ സംസ്ഥാന സ‍ർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ഗവർണർ (Governor Arif Muhammed Khan) തുടങ്ങിവച്ച പ്രതിഷേധം ഏറ്റെടുത്ത് പ്രതിപക്ഷം. സർവകലാശാല വിവാദത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി. യൂണിവേഴ്സിറ്റി നിയമനങ്ങളിലെല്ലാം സി പി എം അനാവശ്യമായി ഇടപെടുകയാണ് ചെയ്യുന്നത്. നിയമവിരുദ്ധമായ കാര്യങ്ങളിൽ ഒപ്പിട്ടു നൽകിയെന്ന് ഗവർണറും വ്യക്തമാക്കിക്കഴിഞ്ഞു. അതും നിയമവിരുദ്ധമാണ്. ഈ സാഹചര്യത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് വി ഡി സതീശൻ പറഞ്ഞത്.

ഞങ്ങളുടെ വിഷയം ഗവർണർ - മുഖ്യമന്ത്രി (CM Pinarayi Vijayan) തർക്കമല്ലെന്നും കേന്ദ്ര ബി ജെ പി നേതൃത്വവും സംസ്ഥാന സി പി എം നേതൃത്വവും തമ്മിൽ തർക്കമുണ്ടായാൽ പരിഹരിക്കാൻ ഇടനിലക്കാർ ഉണ്ടല്ലോ എന്നും സതീശൻ പറഞ്ഞു. സർവകലാശാലകളെ സി പിഎം സെല്ലാക്കി മാറ്റുകയാണ് ചെയ്യുന്നത്. സി പി എം നേതാവിന്‍റെ ബന്ധുക്കൾക്ക് മാത്രം ജോലിയെന്ന നിലയിലാണ് കാര്യങ്ങളെന്നും  സതീശൻ കുറ്റപ്പെടുത്തി.

അതേസമയം സർവകലാശാലാ വിവാദത്തിൽ അണുവിടപോലും അയയാതെ ഗവർണർ ആരിഫ് ഖാൻ വീണ്ടും രംഗത്തെത്തി. സർവ്വകലാശാലകളിൽ മുഖ്യമന്ത്രിക്ക് എന്ത് കാര്യമെന്ന് ഗവർണർ ചോദിക്കുന്നു. തന്നെ സംഘി എന്നു വിളിക്കുന്നവർ വിളിക്കട്ടെ. വിസി നിയമനത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'സംഘിയെന്ന് വിളിച്ചോട്ടെ, മുഖ്യമന്ത്രിക്ക് സർവകലാശാലയിൽ എന്ത് കാര്യം?'

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ആറ് ദിവസമായി ഭരണത്തലവൻ ഇല്ലാത്ത സാഹചര്യമാണ്. സര്‍വകലാശാലയുമായി ബന്ധപ്പെട്ട ഒരു ഫയലുകളും സ്വീകരിക്കരുതെന്ന നിര്‍ദേശമാണ് രാജ്ഭവൻ ഉദ്യാഗസ്ഥര്‍ക്ക് ഗവർണര്‍ നല്‍കിയിരിക്കുന്നത്. എട്ടാം തീയതിയാണ് ചാൻസിലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന് കാണിച്ച് ഗവർണർ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതിനിടയില്‍ നടന്ന അനുരഞ്ജന നീക്കങ്ങളൊക്കെ തള്ളിയ ഗവര്‍ണ്ണര്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തുടരുകയാണ്. ചാൻസിലര്‍ പദവി ഒഴിയരുതെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെങ്കിലും ഗവര്‍ണ്ണര്‍ അത് അംഗീകരിക്കുന്നില്ല. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടാകില്ലെന്ന വ്യക്തമായ ഉറപ്പ് നല്‍കിയാല്‍ മാത്രമേ തീരുമാനം പുനഃപരിശോധിക്കൂവെന്നാണ് ഗവര്‍ണ്ണര്‍ പറയുന്നത്. പക്ഷേ തിരുത്തേണ്ട ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. ഇതോടെ പ്രശ്നപരിഹാരം നീളുകയാണ്.

കണ്ണൂർ സർവ്വകലാശാല വിസി നിയമനം: മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി

കഴിഞ്ഞ ബുധനാഴ്ച മുതല്‍ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട ഒരു ഫയലുകളിലും ഗവര്‍ണ്ണര്‍ ഒപ്പിട്ടിട്ടില്ല. വിസിമാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, വിവിധ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട പരാതികള്‍ ഇതൊക്കെ തീര്‍പ്പാക്കേണ്ടത് ചാൻസിലറായ ഗവർണറാണ്. സര്‍വകലാശാലകളുടെ ഒരു ഫയലും സ്വീകരിക്കരുതെന്ന് ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഗവർണറെ അനുനയിപ്പിക്കാനുള്ള ഫോര്‍മുലകളൊന്നും തന്നെ സര്‍ക്കാരും മുന്നോട്ട് വയ്ക്കുന്നില്ല. ഇതിനിടെ വിസിയെ നിശ്ചയിക്കാനുള്ള പാനലില്‍ തന്‍റെ നോമിനിയെ മാറ്റണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി നേരിട്ട് ആവശ്യപ്പെട്ടുവെന്ന ഗവർണറുടെ പരാമര്‍ശവും വിവാദമായി.

അതിനിടെ കണ്ണൂർ സർവ്വകലാശാല വിസി നിയമനത്തിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി. കണ്ണൂർ മമ്പറത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി കണ്ണൂർ എയർപോർട്ടിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധമുണ്ടായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം
ഒന്നിച്ച് നീങ്ങാൻ എൻഎസ്എസും എസ്എൻഡിപിയും? നിർണായക കൂടിക്കാഴ്ച്ച ഉടൻ; ഐക്യ നീക്ക നിർദേശത്തിനു പിന്നിൽ സിപിഎം എന്ന് സൂചന