
പത്തനംതിട്ട: യുവതികള്‍ ആചാര ലംഘനത്തിന് ശ്രമിക്കുന്നതില്‍ ഗൂഡാലോചനയെന്ന് ശബരിമല കര്‍മ്മസമിതി. ഗൂഡാലോചനയെക്കുറിച്ച് അന്വേഷിക്കണം. ആചാരലംഘനം നടത്താന്‍ യുവതികളെ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ആക്ടിവിസ്റ്റുകളെ ഉടൻ മടക്കി അയക്കാന്‍ വേണ്ട നപടിയെടുക്കുന്നില്ലെന്നും കര്‍മ്മസമിതിയുടെ കുറ്റപ്പെടുത്തല്‍. ആക്ടിവിസ്റ്റുകളെ മടക്കി അയക്കാൻ കേരള സർക്കാരും പോലീസും തയ്യാറാകണം. മടങ്ങിപ്പോകാൻ തയ്യാറാകുന്നില്ലെങ്കിൽ അറസ്റ്റ് ചെയ്ത് വേണ്ട നിയമനടപടികൾ സ്വീകരിക്കണമെന്നും കര്‍മ്മസമിതി ആവശ്യപ്പെട്ടു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എടുക്കാൻ കേരള സർക്കാരും പോലീസും തയ്യാറാകണമെന്നും കര്‍മ്മ സമിതി ആവശ്യപ്പെട്ടു.
ശബരിമല ദര്‍ശനം നടത്താന്‍ നാലംഗ സംഘത്തിനൊപ്പം ഇന്ന് പുലര്‍ച്ചെയാണ് തൃപ്‍തി ദേശായി കേരളത്തിലെത്തിയത്. തുടര്‍ന്ന് മുന്‍പ് ശബരിമല ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും സംഘത്തിനൊപ്പം ചേരുകയായിരുന്നു. എന്നാല്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധര്‍മ്മ സമിതി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.തുടര്‍ന്ന് ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ശ്രീനാഥ് എന്നയാള്‍ ബിന്ദു അമ്മിണിക്ക് നേരെ മുളക് സ്‍പ്രേ അടിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യുവതീ പ്രവേശനം സംബന്ധിച്ച പുനപരിശോധന ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി വിധിയില്‍ അവ്യക്ത ഉള്ളതിനാല്‍ ശബരിമല കയറാന്‍ സുരക്ഷ നല്‍കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്. യുവതീ സംഘത്തിന്‍റെ വരവിൽ പ്രതിഷേധം കനക്കുന്ന സാഹചര്യം പൊലീസ് തൃപ്തിയേയും സംഘത്തേയും അറിയിച്ചിട്ടുണ്ട്. ഭീഷണി ചൂണ്ടിക്കാട്ടി തിരിച്ച് പോകണമെന്ന അഭ്യര്‍ത്ഥനയാണ് തൃപ്തി ദേശായിയെയും സംഘത്തേയും പൊലീസ് അറിയിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam