മകരവിളക്ക് ദർശനത്തിന് മണിക്കൂറുകൾ മാത്രം; സന്നിധാനത്ത് ഭക്തജന തിരക്ക്, കര്‍ശന സുരക്ഷ

By Web TeamFirst Published Jan 15, 2020, 1:05 AM IST
Highlights

മകരവിളക്ക് കാണാൻ തീർത്ഥാടകർ തങ്ങുന്ന സ്ഥലങ്ങളില്‍ കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്

സന്നിധാനം: മകരവിളക്ക് ഉത്സവത്തിനുള്ള അവസാന വട്ട ഒരുക്കത്തിലാണ് ശബരിമല. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധി ക്രിയകൾ
പൂർത്തിയായി. മകരവിളക്ക് കാണാൻ കഴിയുന്ന സ്ഥലങ്ങൾ തീർത്ഥാടകരെ കൊണ്ട് നിറയുകയാണ്. തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയാല്‍ ദേവസ്വം അധികൃതർ വരവേൽക്കും.

കഴിഞ്ഞ പ്രളയത്തിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന്, പമ്പയില്‍ ഇത്തവണ തീർത്ഥാടകര്‍ക്ക് മകരജ്യോതി കാണാന്‍ പ്രവേശനമില്ല. ശബരിമല സന്നിധാനവും പരിസരപ്രദേശവും തീർത്ഥാടകരെ കൊണ്ട് നിറയുകയാണ്. തിരക്ക് നിയന്ത്രിക്കുന്നതിന് വേണ്ടി കൂടുതല്‍ പൊലീസ് സേനാംഗങ്ങള്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്.

നിലവില്‍ തീർത്ഥാടകർക്ക് ദർശനത്തിന് നിയന്ത്രണങ്ങള്‍ ഇല്ല. അതേസമയം, മകരവിളക്ക് കാണാൻ തീർത്ഥാടകർ തങ്ങുന്ന സ്ഥലങ്ങളില്‍ കർശന സുരക്ഷയാണ് പൊലീസ് ഏർപ്പെടുത്തിയിരിക്കുന്നത്. വാഹന നിയന്ത്രണവും ഉണ്ടായിരിക്കും. രാവിലെ 11 മണി മുതല്‍ നിലയ്ക്കലില്‍ നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ഒഴികെയുള്ള വാഹനങ്ങള്‍ കടത്തിവിടില്ല.  വ്യൂ പോയിന്റുകളിൽ ബാരിക്കേടുകൾ സ്ഥാപിച്ച് സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ പി ബി നൂഹ് അറിയിച്ചു.

മകരവിളക്കിന് മുന്നോടിയായുള്ള  പമ്പാ സദ്യയും പമ്പ വിളക്കും ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നിരുന്നു. മഹിഷി നിഗ്രഹ സ്മരണകൾ ഉയർത്തി പേട്ട തുള്ളിയെത്തിയ ആലങ്ങാട്, അമ്പലപ്പുഴ സംഘങ്ങൾ പമ്പ സദ്യയൊരുക്കുകയായിരുന്നു.

click me!