നട തുറന്നു; ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന്

By Web TeamFirst Published Aug 17, 2019, 12:14 AM IST
Highlights

പചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കുന്ന 21.8.19 ന് സഹസ്രകലശപൂജയും അഭിഷേകവും നടക്കും. ഓണക്കാലത്ത് പ്രത്യേക പൂജകള്‍ക്കായി 9.9.19 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തിരുനട തുറക്കും

പത്തനംതിട്ട: ചിങ്ങമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട വെള്ളിയാഴ്ച വൈകുന്നേരം തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിച്ചു. ശേഷം ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

ചിങ്ങം ഒന്ന് ശനിയാഴ്ച പുലര്‍ച്ചെ 5 മണിക്ക് മേല്‍ശാന്തി ക്ഷേത്രനട തുറന്നു. തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടന്നു. 5.15 ന് മഹാഗണപതി ഹോമം. രാവിലെ 7.30 ന് ഉഷപൂജ. തുടർന്ന് ശബരിമല - മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പും നടക്കും. ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും.

ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കുന്ന 21.8.19 ന് സഹസ്രകലശപൂജയും അഭിഷേകവും നടക്കും. ഓണക്കാലത്ത് പ്രത്യേക പൂജകള്‍ക്കായി 9.9.19 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തിരുനട തുറക്കും. 13.9.19 ന് രാത്രി പത്തിന് ഹരിവരാസനം പാടി തിരുനട അടയ്ക്കും.

click me!