
പമ്പ: ശബരിമലയില്‍ നാഷണല്‍ ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ഫോഴ്‌സിന്റെ (എന്‍ഡിആര്‍എഫ്) ആദ്യസംഘം ചുമതലയേറ്റു. തൃശ്ശൂര്‍ റീജിയണല്‍ റെസ്‌പോണ്‍സ് സെന്ററില്‍ നിന്നുള്ള നാലാം ബറ്റാലിയനിലെ 30 അംഗസംഘമാണ് നവംബര്‍ 19 ന് സന്നിധാനത്ത് എത്തിയത്. സോപാനത്തിന് അരികിലായും നടപ്പന്തലിലുമാണ് ഇവരെ നിലവില്‍ വിന്യസിച്ചിരിക്കുന്നത്. ഓരോ സ്ഥലത്തും അഞ്ച് പേരാണ് ഒരേ സമയം ഡ്യൂട്ടി ചെയ്യുന്നത്. ചെന്നൈയില്‍ നിന്നുള്ള 38 അംഗ സംഘം ഇന്ന് (19) രാത്രിയോടെ എത്തും. തീര്‍ഥാടകര്‍ക്ക് സിപിആര്‍ ഉള്‍പ്പടെ അടിയന്തരഘട്ട വൈദ്യ സഹായം നല്‍കുന്നതിന് പ്രത്യേകം പരിശീലനം നേടിയവരാണിവര്‍. പ്രഥമശുശ്രൂഷ കിറ്റും സ്ട്രച്ചര്‍ ഉള്‍പ്പടെയുള്ള സംവിധാനങ്ങളും എത്തിച്ചിട്ടുണ്ട്. അത്യാഹിതങ്ങളില്‍ അതിവേഗം ഇടപെട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് സജ്ജരാണിവര്‍. കോണ്‍ക്രീറ്റ് കട്ടിംഗ്, ട്രീ കട്ടിംഗ്, റോപ് റെസ്‌ക്യൂ ഉപകരണങ്ങളും സംഘത്തിന്റെ പക്കലുണ്ട്. ശബരിമല എഡിഎം, പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണം സംഘം പ്രവര്‍ത്തിക്കുമെന്ന് ടീം കമാന്‍ഡറായ ഇന്‍സ്‌പെക്ടര്‍ ജി സി പ്രശാന്ത് പറഞ്ഞു.
അതേ സമയം, ഭക്തരുടെ വലിയ തിരക്ക് കണക്കിലെടുത്ത് ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്‌പോട്ട് ബുക്കിങ് 20,000 എണ്ണമായി പരിമിതപ്പെടുത്തി. പമ്പയില്‍ എത്തിക്കഴിഞ്ഞാല്‍ ശബരിമല ദര്‍ശനം പൂര്‍ത്തിയാക്കി നിശ്ചിത സമയത്തിനുള്ളില്‍ തന്നെ ഭക്തര്‍ക്ക് മടങ്ങി പോകാൻ സാഹചര്യമൊരുക്കും. കൂടുതലായി എത്തുന്നവര്‍ക്ക് അടുത്ത ദിവസം ദര്‍ശനത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തും. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കും. ഭക്തര്‍ക്ക് തങ്ങാന്‍ നിലയ്ക്കലില്‍ സൗകര്യമൊരുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam