ശബരിമല നട തുറന്നു; ഉത്സവത്തിന് നാളെ കൊടിയേറ്റം; സുരക്ഷയ്ക്കായി 300 പൊലീസുകാർ മാത്രം

By Web TeamFirst Published Mar 11, 2019, 4:34 PM IST
Highlights

11 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവ, മീനമാസ പൂജകൾക്കായി ആണ് നട തുറന്നത്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൂടി കണക്കിലെടുത്ത് സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തിൽ ഇത്തവണ കുറവുണ്ട്

പത്തനംതിട്ട: ശബരിമല നട തുറന്നു. പത്ത് ദിവസം നീളുന്ന ഉത്സവത്തിന് നാളെ കൊടിയേറ്റം. ശബരിമലയിൽ നിരോധനാജ്ഞ ഉണ്ടാകില്ല. സുരക്ഷാ ചുമതലകൾക്കായി 300 പൊലീസുകാരാണുണ്ടാവുക. ഇത്തവണ മൂന്ന് എസ് പി മാരുടെ നേതൃത്വത്തിൽ 300 പൊലീസുകാരെ മാത്രമാണ് സുരക്ഷാ ചുമതലകൾക്കായി നിയോഗിച്ചിരിക്കുന്നത്. 

11 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവ, മീനമാസ പൂജകൾക്കായാണ് നട തുറന്നത്. തെരഞ്ഞെടുപ്പ് അടുത്ത് വരുന്നത് കൂടി കണക്കിലെടുത്ത് സുരക്ഷാ സേനാംഗങ്ങളുടെ എണ്ണത്തിൽ ഇത്തവണ കുറവുണ്ട്. 300 സുരക്ഷാ സേനാംഗങ്ങൾ മാത്രമായിരിക്കും സന്നിധാനം, നിലക്കൽ, പമ്പ എന്നിവിടങ്ങളിലായി ഉണ്ടാകുക. കഴിഞ്ഞ മാസത്തെ പൂജക്ക് 1500 ഓളം പൊലീസ് സേനാംഗങ്ങളുണ്ടായിരുന്നു. 

സ്ത്രീപ്രവേശന വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹർജികളിൽ സുപ്രീം കോടതി വിധി പറയാത്തതിനാൽ യുവതികളും ദർശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, യുവതികളെ തടയുമെന്ന നിലപാടിലുറച്ച് ശബരിമല കർമ്മ സമിതി രംഗത്തുണ്ട്. നിലവിലെ സാഹചര്യത്തിൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്. 

കടുത്ത വേനലിൽ പമ്പ വറ്റി വരണ്ടതിനാൽ കുള്ളാർ ഡാം തുറന്ന് വെള്ളം വിടുമെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. പ്രളയത്തിൽ മണ്ണിനടിയിലായ പമ്പയിലെ ആറാട്ട് കടവ് വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇവിടെയും വെള്ളമില്ല. നിലക്കൽ-പമ്പ സർവ്വീസിനായി 60 ബസ്സുകൾ എത്തിക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.

click me!