ശബരിമല മണ്ഡലകാലത്തിന് നാളെ തുടക്കം; നിരോധനാജ്ഞയില്ലെങ്കിലും സുരക്ഷ ശക്തം

By Web TeamFirst Published Nov 15, 2019, 3:51 PM IST
Highlights

ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് പമ്പ, നിലക്കല്‍,സന്നിധാനം എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല

പമ്പ: മണ്ഡലകാല തീർത്ഥാടനം കണക്കിലെടുത്ത് ശബരിമല നട നാളെ തുറക്കും. തീർത്ഥാടകരെ ഉച്ചക്ക് രണ്ട് മണിമുതല്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കടത്തിവിടും. പ്രശ്നങ്ങള്‍ ഇല്ലാത്തതിനാല്‍ ശബരിമലയിലും അനുബന്ധ പ്രദേശങ്ങളിലും നിരോധനാജ്ഞ ഉണ്ടാകില്ലെന്ന് പത്തനംതിട്ട ജില്ലാകളക്ടർ പി ബി നൂഹ് അറിയിച്ചിട്ടുണ്ട്.

ശബരിമല മണ്ഡലകാലം കണക്കിലെടുത്തുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. ദർശനത്തിന് എത്തുന്ന തീർത്ഥാടകർക്ക് പമ്പ, നിലക്കല്‍,സന്നിധാനം എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. നാളെ രാവിലെ പതിനൊന്ന് മണിമുതല്‍ തീർത്ഥാടകരെ നിലക്കലില്‍ നിന്നും പമ്പയിലേക്ക് കടത്തിവിട്ട് തുടങ്ങും. ഉച്ചക്ക് രണ്ട് മണിമുതല്‍ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കയറ്റിവിടും.

കെഎസ്ആര്‍ടിസി പമ്പാ-നിലക്കല്‍ ചെയിൻ സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു. കുടിവെള്ള വിതരണം, ശുചികരണം എന്നിവയ്ക്കുള്ള തയ്യാറെടുപ്പുകള്‍ പൂർത്തിയായി. പരമ്പരാഗത കാനന പാതകളിലൂടെയുള്ള യാത്രകള്‍ക്ക് നിയന്ത്രണം ഉണ്ടാകും. പകല്‍ മൂന്ന് മണി വരെ മാത്രമെ തീർത്ഥാടകരെ കയറ്റിവിടുകയുള്ളൂ. 

നിരോധനാജ്ഞ ഉണ്ടാകില്ലെങ്കിലും കനത്ത സുരക്ഷയാകും ശബരിമല പരിസരത്ത്. പതിനായിരം പൊലീസുകാരെ അഞ്ച് സെക്ടറുകളായി തിരിച്ച് വിന്യസിക്കും. പ്ലാസ്റ്റിക് ഉപയോഗത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിടുണ്ട്. ആരോഗ്യവകുപ്പിന്‍റെ സഞ്ചരിക്കുന്ന മെഡിക്കല്‍ സംഘം പ്രധാന ശബരിമല പാതകളില്‍ ഉണ്ടാകും. നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനര്ടെ സാന്നിധ്യത്തിലാണ് നടതുറക്കുക. നാളെ പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാകില്ല.

click me!