ഇനിയും സ‍ര്‍ക്കാര്‍ പാഠം പഠിച്ചില്ലെങ്കിൽ പ്രത്യാഘാതം രൂക്ഷമായിരിക്കും: കുമ്മനം രാജശേഖരൻ

By Web TeamFirst Published Nov 14, 2019, 11:32 AM IST
Highlights
  • ശബരിമല യുവതീ പ്രവേശനം അനുവദിച്ച നേരത്തെയുളള വിധിയിൽ അപാകതയുണ്ടെന്നാണ് ഈ വിധിയുടെ അർത്ഥം
  • ഈ സമയത്ത് ഏതെങ്കിലും യുവതികൾ ശബരിമലയിൽ കയറണം എന്നാവശ്യപ്പെട്ട് വന്നാൽ അവരെ തടയണമെന്നും കുമ്മനം

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവും മുൻ മിസോറാം ഗവ‍ര്‍ണറുമായ കുമ്മനം രാജശേഖരൻ രംഗത്ത്. ഇനിയും സംസ്ഥാന സര്‍ക്കാര്‍ പാഠം പഠിച്ചില്ലെങ്കിൽ, പ്രതികരണം രൂക്ഷമായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ഏഴ് കാര്യങ്ങളിൽ വ്യക്തത വരുത്താൻ വിശാല ഭരണഘടനാ ബെഞ്ചിനോട് ആവശ്യപ്പെട്ട സുപ്രീം കോടതി, ശബരിമല പുന:പരിശോധനാ ഹര്‍ജികളിൽ വിധി പറയാതെ മാറ്റി.

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിച്ച് സർക്കാർ പ്രശ്നമുണ്ടാക്കരുതെന്ന് കുമ്മനം ആവശ്യപ്പെട്ടും. "സുപ്രീം കോടതി വിധി സ്വാഗതാർഹമാണ്. ഈ കാര്യത്തിൽ ദേവസ്വംബോർഡ് ഒളിച്ചുകളി അവസാനിപ്പിക്കണം." ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് പുനപരിശോധന ഹർജിയിൽ കക്ഷിയായില്ലെന്നും അദ്ദേഹം ചോദിച്ചു.

ശബരിമല യുവതീ പ്രവേശനം അനുവദിച്ച നേരത്തെയുളള വിധിയിൽ അപാകതയുണ്ടെന്നാണ് ഈ വിധിയുടെ അർത്ഥം. അതിനാൽ അന്തിമവിധി വരുന്നത് വരെ ഈ സർക്കാർ കാത്തിരിക്കണം. ഈ സമയത്ത് ഏതെങ്കിലും യുവതികൾ ശബരിമലയിൽ കയറണം എന്നാവശ്യപ്പെട്ട് വന്നാൽ അവരെ തടയണം. അവരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി തിരിച്ചയക്കണം. മുമ്പുണ്ടായിരുന്ന ആചാരങ്ങൾ തുടരാൻ  അനുവദിക്കുകയാണ് വേണ്ടത്. ഇനിയും പാഠംപഠിക്കാതെ സർക്കാർ യുവതികളെ കയറ്റാൻ ശ്രമിച്ചാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മതപരമായ വിഷയങ്ങളെ നിസാരമായി കാണാനാവില്ലെന്നും വിഷയത്തില്‍ വിശാലമായ രീതിയില്‍ ചര്‍ച്ചയും പരിശോധനയും ആവശ്യമാണെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പ്രഖ്യാപിച്ചു. നിലവില്‍ സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ അഞ്ചംഗ സമിതിയാണ് കേസ് പരിഗണിച്ചത്. വിശാല ബെഞ്ച് വ്യക്തത വരുത്തുന്നത് വരെ നിലവിലെ വിധിക്ക് സ്റ്റേയില്ല. പുന:പരിശോധനാ ഹര്‍ജികളിലും ഇതിന് ശേഷമേ മാറ്റം വരൂ. അതിനാല്‍ തന്നെ ശബരിമലയില്‍ യുവതികള്‍ക്ക് തുടര്‍ന്നും പ്രവേശിക്കാം. 

 

click me!