
പത്തനംതിട്ട: ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ കഴിയാത്തത്തിൽ പരസ്പരം പഴിചാരി ദേവസ്വം ബോർഡും പോലീസും. പതിനെട്ടാം പടിയിൽ പരിചയ സമ്പന്നരായ പോലീസുകാരെ നിയോഗിച്ചിട്ടില്ലെന്ന് ഇന്ന് ചേർന്ന അവലോകന യോഗത്തിൽ ദേവസ്വം ബോർഡ് കുറ്റപ്പെടുത്തി. അങ്ങനെയെങ്കിൽ പതിനെട്ടാംപടിയുടെ നിയന്ത്രണം ബോർഡ് ഏറ്റെടുക്കണമെന്നായിരുന്നു എഡിജിപി എംആർ അജിത്കുമാറിന്റെ മറുപടി.
ശബരിമല തീർത്ഥാടനം തുടങ്ങിയ ശേഷമുള്ള ആദ്യ മന്ത്രിതല ആവലോകന യോഗത്തിലാണ് വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയത്. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയിലായിരുന്നു യോഗം. കഴിഞ്ഞ ദിവസങ്ങളിലെ നിയന്ത്രാണാതീതമായ തിരക്കായിരുന്നു പ്രധാന ചർച്ച. ഇതിനിടയിലാണ് ദേവസ്വം ബോർഡും പൊലീസും തമ്മിലുള്ള തർക്കം. മുൻ കാലങ്ങളിൽ മിനുറ്റിൽ 90 പേരെ വരെ പതിനെട്ടാം പടി കയറ്റിയിരുന്നെന്നും ഇത്തവണ അത് സാധിക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നുമായിരുന്നു ബോർഡിന്റെ വിമർശനം.
മുൻകാലങ്ങളിൽ പതിനെട്ടാംപടിയിൽ ഡ്യൂട്ടി ചെയ്തിട്ടുളള പൊലീസുകാരെ വിന്യസിക്കണമെന്നും ബോർഡ് പ്രസിഡന്റ് പറഞ്ഞു. നിലവിൽ ഡ്യൂട്ടിയിലുള്ളവരുടെ ഭാഗത്ത് വീഴ്ചയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. വിമർശനങ്ങളെ അസഹിഷ്ണുതയോടായാണ് എഡിജിപി നേരിട്ടത്. കെ എസ് ആർടിസിയുടെ നടപടികളെ ദേവസ്വം മന്ത്രിയും വിമർശിച്ചു. അമിത നിരക്ക് ഈടാക്കുന്ന സാഹചര്യത്തിൽ ഭക്തർക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ സർവീസ് നടത്തണമെന്നും സിറ്റിങ്ങ് കപ്പാസിറ്റിയിൽ കൂടുതൽ ആളുകളെ ബസിൽ കയറ്റരുതെന്നും നിർദേശം നൽകി. വരും ദിവസങ്ങളിൽ തിരക്ക് കൂടുന്ന സാഹചര്യത്തിൽ നിലയ്ക്കൽ അടക്കം കൂടുതൽ സജ്ജീകരണം ഏർപ്പെടുത്താനും തീരുമാനമായി.
ശബരിമലയിൽ ഇന്ന് തീർഥാടകരുടെ തിരക്ക് നിയന്ത്രണ വിധേയമാണ്. പമ്പ മുതൽ സന്നിധാനം വരെ തീർത്ഥാടകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാണ് കടത്തി വിടുന്നത്. ഇന്ന് 82364 പേരാണ് ഓൺലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരുന്നത്. മഴ മാറി നിൽക്കുന്നതും അനുകൂല അന്തരീക്ഷമാണ്.