ശബരിമല: തിരുവാഭരണങ്ങൾ പന്തളം രാജകുടുംബം കൈവശം വയ്ക്കുന്നത് ചോദ്യം ചെയ്ത് സുപ്രീം കോടതി

By Web TeamFirst Published Feb 5, 2020, 1:22 PM IST
Highlights

തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറാനോ, പരിപാലനത്തിന് പ്രത്യേക ഓഫീസറെ നിയമിക്കാനോ വേണ്ടിയുള്ള നിര്‍ദേശം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു

ദില്ലി: ശബരിമല ക്ഷേത്രത്തിന്‍റെ തിരുവാഭരണങ്ങള്‍ പന്തളം രാജകുടുംബത്തിന്‍റെ കൈവശം വെക്കുന്നത് ചോദ്യം ചെയ്ത് സുപ്രീംകോടതി. ആഭരണങ്ങള്‍ ദൈവത്തിന് സമര്‍പ്പിച്ചതാണെന്ന് പറഞ്ഞ കോടതി, ദൈവത്തിന്‍റെ സമര്‍പ്പിച്ച് കഴിഞ്ഞാല്‍ പിന്നെ രാജകുടുംബത്തിന് അവകാശമില്ലെന്നും പറഞ്ഞു. തിരുവാഭരണത്തിന്‍റെ ഉടമസ്ഥത ദൈവത്തിനാണോ രാജകുടുംബത്തിനാണോയെന്ന് വിശദമാക്കണമെന്ന് ജസ്റ്റിസ് എൻവി രമണ ആവശ്യപ്പെട്ടു.

തിരുവാഭരണങ്ങള്‍ ക്ഷേത്രത്തിന് കൈമാറാനോ, പരിപാലനത്തിന് പ്രത്യേക ഓഫീസറെ നിയമിക്കാനോ വേണ്ടിയുള്ള നിര്‍ദേശം നടപ്പാക്കാത്തത് എന്തുകൊണ്ടാണെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. രാജകുടുംബത്തിന്‍റെ ഒരു വിഭാഗം തിരുവാഭരണത്തില്‍ അവകാശവാദം ഉന്നയിക്കുന്നുണ്ടെന്ന് ദേവസ്വം ബോര്‍ഡ് മറുപടി നൽകി. തിരുവാഭരണത്തിന്റെ കാര്യത്തിൽ രാജ കുടുംബത്തിലെ രണ്ട് വിഭാഗങ്ങൾ അവകാശവാദം ഉന്നയിക്കുന്നത് ശരിയായ നടപടിയല്ലെന്ന് കോടതി വിമർശിച്ചു.

തിരുവാഭരണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാർ ഈ ഘട്ടത്തിൽ കോടതിയെ അറിയിച്ചു. തിരുവാഭരണത്തിന്റെ കാര്യത്തിൽ നിലപാട് അറിയിക്കാൻ സർക്കാരിനോടും ദേവസ്വം ബോർഡിനോടും കോടതി ആവശ്യപ്പെട്ടു.

അതിനിടെ ശബരിമല ക്ഷേത്ര ഭണത്തിനായി പ്രത്യേക നിയമം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്, ബില്ലിന്‍റെ കരടിന് രൂപം നല്‍കാന്‍ സംസ്ഥാന സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. നാലാഴ്ചത്തെ സമയം കൂടി വേണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിൽ പറഞ്ഞത്.
 

click me!