
പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. സ്വർണ്ണ പാളികൾ കൈമാറിയതിലെ ഗൂഢാലോചനയിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ, തന്ത്രിയെ കേസിൽ കുടുക്കിയതാണെന്നും അദ്ദേഹത്തിന് സ്വർണ്ണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം.
തന്ത്രിക്ക് ജാമ്യം നൽകുന്നതിനെ അന്വേഷണ സംഘം ശക്തമായി എതിർക്കുന്നു. പ്രതിക്ക് ജാമ്യം നൽകിയാൽ തന്റെ ആത്മീയ പരിവേഷവും ഉന്നത സ്വാധീനവും ഉപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവുകൾ നശിപ്പിക്കാനും ഇടയുണ്ടെന്ന് എസ്ഐടി പറയുന്നു. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്കുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണ്. ആചാര ലംഘനം നടത്തി ഭക്തരുടെ വിശ്വാസം വ്രണപ്പെടുത്തിയ തന്ത്രിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും റിമാൻഡ് റിപ്പോര്‍ട്ടിൽ എസ്ഐടി വ്യക്തമാക്കുന്നു.
വിഷയത്തിൽ തന്ത്രിക്കെതിരെ ബിജെപി നേതാവ് ഡോ. കെ എസ് രാധാകൃഷ്ണൻ രംഗത്തെത്തിയത് ശ്രദ്ധേയമായി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം ഉന്നയിച്ച പ്രധാന ആരോപണങ്ങൾ നിരവധിയാണ്. 2019-ൽ സ്വർണ്ണം പൊതിഞ്ഞ ചെമ്പുപാളികളെ വെറും 'ചെമ്പുപാളികൾ' എന്ന് രേഖപ്പെടുത്തി വ്യാജ മഹസർ ചമച്ച പത്തംഗ പട്ടികയിൽ ഒന്നാമൻ തന്ത്രിയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ശ്രീകോവിൽ സ്വർണ്ണം പൊതിഞ്ഞതാണെന്ന വസ്തുത തന്ത്രിക്കറിയാമായിരുന്നു. മുൻപ് 38 കിലോ തങ്കം ഉപയോഗിച്ച് സ്വർണ്ണം പൊതിഞ്ഞപ്പോഴും രാജീവരര് തന്നെയായിരുന്നു തന്ത്രി. ഇത് മറച്ചുവെച്ചത് സ്വർണ്ണക്കവർച്ചയ്ക്ക് കളമൊരുക്കാനാണെന്നും അദ്ദേഹം കുറിച്ചു. ദേവനെയും ഭക്തരെയും ഒരുപോലെ വഞ്ചിച്ച വ്യക്തിക്ക് തന്ത്രി സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam