ശബരിമലയിൽ നിറപുത്തരി പൂജകൾക്ക് ഭക്തജന തിരക്ക്

By Web TeamFirst Published Aug 7, 2019, 11:33 AM IST
Highlights

 പൂജകൾക്ക് ശേഷം ഭക്തർക്ക് കതിരുകൾ പ്രസാദമായി നൽകി. ഇവ വീടുകളിൽ സൂക്ഷിക്കുന്നത് ഐശ്വര്യം വരുമെന്നാണ് വിശ്വാസം. അച്ചന്‍കോവിലിനടുത്ത് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വയലില്‍ കൃഷി ചെയ്ത നെല്ലും കർഷകർ എത്തിച്ച നെല്ലും നിറപുത്തരിക്കായി ഉപയോഗിച്ചു.

പത്തനംത്തിട്ട: ശബരിമലയിൽ നിറപുത്തരി പൂജ ദർശിക്കാൻ ഭക്തജന തിരക്ക്. തന്ത്രി കണ്ഠരര് രാജീവരുടെയും മേല്‍ശാന്തി വി എൻ വാസുദേവൻ നമ്പൂതിരിയുടേയും കാർമികത്വത്തിൽ നിറപുത്തരി പൂജകൾ നടന്നു. 

നിറപുത്തരി പൂജകൾക്കായി പുലർച്ചെ നാല് മണിക്കാണ് ശബരിമലനട തുറന്നത്. 5.30 ഓടെ നെൽക്കതിരുകൾ മണ്ഡപത്തിലെത്തിച്ചു. പൂജകൾക്ക് ശേഷം ഭക്തർക്ക് കതിരുകൾ പ്രസാദമായി നൽകി. ഇവ വീടുകളിൽ സൂക്ഷിക്കുന്നത് ഐശ്വര്യം വരുമെന്നാണ് വിശ്വാസം. അച്ചന്‍കോവിലിനടുത്ത് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വയലില്‍ കൃഷി ചെയ്ത നെല്ലും കർഷകർ എത്തിച്ച നെല്ലും നിറപുത്തരിക്കായി ഉപയോഗിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാർ അടക്കമുള്ളവർ ചടങ്ങിനെത്തി.

ഇക്കുറി സന്നിധാനത്ത് സുരക്ഷക്കുള്ള പൊലീസ് സേനാംഗങ്ങളുടെ എണ്ണം കുറച്ചിട്ടുണ്ട്. ശബരിമലയിൽ മഴ പെയ്യുന്നുണ്ടെങ്കിലും പമ്പയിൽ ജലനിരപ്പ് വലിയ തോതിൽ ഉയർന്നിട്ടില്ല. കഴിഞ്ഞ വർഷം പ്രളയം ഉണ്ടായതിനാൽ നിറപുത്തരി ദർശനത്തിന് തീർത്ഥാടകർക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. രാത്രി പത്തിന് നട അടയ്ക്കും. ചിങ്ങമാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് വീണ്ടും നട തുറക്കും.
 

click me!