
പത്തനംതിട്ട: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിനാണ് തുറക്കുക. ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികൾ വൈകിട്ട് നാലിന് പുനഃസ്ഥാപിക്കും. അറ്റകുറ്റപ്പണി പൂർത്തിയാക്കി ചെന്നൈയിൽ നിന്ന് തിരികെ എത്തിച്ച ദ്വാരപാലക ശില്പങ്ങളുടെ സ്വർണ്ണം പൂശിയ പാളികളാണ് പുനഃസ്ഥാപിക്കുന്നത്. ഹൈക്കോടതി അനുമതിയോടെയാണ് നടപടി. ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെയാണ്. 14 പേരാണ് ശബരിമല മേൽശാന്തിയുടെ സാധ്യത പട്ടികയിൽ ഉള്ളത്. 13 പേരിൽ നിന്നാണ് മാളികപ്പുറം മേൽശാന്തിയെ തിരഞ്ഞെടുക്കുക. രാഷ്ട്രപതിയുടെ സന്ദർശനത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളും സന്നിധാനത്ത് പുരോഗമിക്കുകയാണ്. 22ന് തീർത്ഥാടകർക്ക് നിയന്ത്രണമുണ്ട്.
രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിനായി ഗൂർഖ എമർജൻസി വാഹന വ്യൂഹമുൾപ്പെടെ ഉപയോഗിക്കുന്നതിൽ ഹൈക്കോടതി അനുമതി നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അപേക്ഷ പരിഗണിച്ചാണ് നടപടി. പമ്പ മുതൽ സന്നിധാനം വരെയും തിരിച്ചും പ്രത്യേക വാഹനവ്യൂഹനം ഉപയോഗിക്കാനാണ് അനുമതി. രാഷ്ട്രപതിയുടെ ശബരിമല ദർശനത്തിൽ ആചാരാനുഷ്ഠാനങ്ങൾ പാലിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മറ്റ് ഭക്തരുടെ ദർശനത്തിന് തടസ്സമുണ്ടാകില്ലെന്നും ഇക്കാര്യം ഉറപ്പുവരുത്തുമെന്നും ചൂണ്ടിക്കാട്ടി ദേവസ്വം ബോർഡ് സത്യവാങ്മൂലം നൽകിയത് പരിഗണിച്ചാണ് ഹൈക്കോടതി അനുമതി നൽകിയത്.