കര്‍ശന നിബന്ധനകൾ: ശബരിമല സന്നിധാനത്തെ ആറര ലക്ഷം ടിൻ അരവണ നശിപ്പിക്കൽ അതിസങ്കീര്‍ണം

Published : May 18, 2024, 06:28 AM IST
കര്‍ശന നിബന്ധനകൾ: ശബരിമല സന്നിധാനത്തെ ആറര ലക്ഷം ടിൻ അരവണ നശിപ്പിക്കൽ അതിസങ്കീര്‍ണം

Synopsis

അരവണ ടിന്നുകളിൽ അയ്യപ്പന്‍റെ ചിത്രമുള്ളതിനാൽ നശിപ്പിക്കാനായി കരാറെടുക്കുന്ന ഏജൻസികൾ പൊതു ഇടങ്ങളിൽ അവ തള്ളുകയോ നശിപ്പിക്കുകയോ ചെയ്യരുത്

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് കെട്ടിക്കിടക്കുന്ന ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ദേവസ്വം ബോർഡ് താൽപര്യപത്രം ക്ഷണിച്ചെങ്കിലും തുടർനടപടികൾ സങ്കീർണ്ണം. പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്തിച്ച് വേണം ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ. ഒപ്പം വിശ്വാസത്തിന് കോട്ടം തട്ടാതെ തന്നെ സംസ്കരിക്കണമെന്നും നിബന്ധനയുണ്ട്. അരവണ വളമാക്കി മാറ്റാൻ താൽപര്യമറിയിച്ച് ചില കമ്പനികൾ ദേവസ്വം ബോർഡിനെ സമീപിച്ചിട്ടുണ്ട്.

കീടനാശിനി കലര്‍ന്ന ഏലക്ക ഉപയോഗിച്ചെന്ന് ആരോപണത്തെ തുടര്‍ന്ന് ശബരിമലയിൽ ഉപയോഗിക്കാതെ മാറ്റിവച്ച അരവണ, ശാസ്ത്രീയമായി നശിപ്പിക്കാനാണ് ദേവസ്വം ബോർഡ് താത്പര്യ പത്രം ക്ഷണിച്ചത്. ഈ മാസം 21 വരെ ഏജൻസികൾക്ക് ദേവസ്വം ബോര്‍ഡിനെ സമീപിക്കാം. 6,65,127 ടിൻ അരവണ സന്നിധാനത്തെ ഗോഡൗണിൽ സീൽ ചെയ്തു വെച്ചിട്ടുണ്ട്. ഇവ പമ്പയ്ക്ക് പുറത്തെത്തിക്കണമെന്നതാണ് ആദ്യ കടമ്പ. വന്യമൃഗങ്ങളെ ആകർഷിക്കാതെ, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ വേണം പുറത്തേക്ക് കൊണ്ടുപോകാൻ. ഏജൻസികൾ എത്ര പേർ വന്നാലും ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ പദ്ധതിയുള്ളവരെ മാത്രമേ തെരഞ്ഞെടുക്കൂ. 

ചില പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെ ദേവസ്വം ബോർഡിനെ സമീപിച്ചിട്ടുണ്ട്. അരവണ കൊണ്ടുപോയി വളമാക്കി മാറ്റാനാണ് ഇവർ ആലോചിക്കുന്നത്. എന്തായാലും സർക്കാർ മുൻകൈ എടുത്ത് ദേവസ്വം ബോ‍ർഡുമായി ആലോചിച്ച് ശാത്രീയമായി നശിപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. കഴിഞ്ഞ സീസണിലാണ് അരവണയിൽ ഉപയോഗിച്ചത് കീടനാശിനി കലര്‍ന്ന ഏലക്കയാണെന്ന് റിപ്പോർട്ട് വന്നത്. ഹൈക്കോടതി ഇടപെടലിൽ വിൽപ്പന നിര്‍ത്തി. . പിന്നീട് സുപ്രീംകോടതി വരെ പോയി അരവണയ്ക്ക് പ്രശ്നമില്ലെന്ന് ബോർഡ് തെളിയിച്ചെങ്കിലും അപ്പോഴേക്കും അരവണ കേടായി. അഞ്ചു കോടിയിലധികം രൂപയുടെ നഷ്ടം ബോ‍ർഡിന് വന്നു.

അരവണ ടിന്നുകളിൽ അയ്യപ്പന്‍റെ ചിത്രമുള്ളതിനാൽ നശിപ്പിക്കാനായി കരാറെടുക്കുന്ന ഏജൻസികൾ പൊതു ഇടങ്ങളിൽ അവ തള്ളുകയോ നശിപ്പിക്കുകയോ ചെയ്യരുത്. വിശ്വാസത്തിന് മുറിവേൽക്കുന്ന അത്തരം നടപടി ഒഴിവാക്കണമെന്ന വ്യവസ്ഥയും താൽപര്യപത്രത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉൾപ്പെടുത്തിയിട്ടുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്