സുപ്രഭാതം പത്രത്തിൻ്റെ ദുബായിലെ പരിപാടിയിൽ പങ്കെടുക്കാതെ ലീഗ് നേതാക്കൾ; ഇന്ന് കോഴിക്കോട് യോഗം ചേരും

Published : May 18, 2024, 06:16 AM IST
സുപ്രഭാതം പത്രത്തിൻ്റെ ദുബായിലെ പരിപാടിയിൽ പങ്കെടുക്കാതെ ലീഗ് നേതാക്കൾ; ഇന്ന് കോഴിക്കോട് യോഗം ചേരും

Synopsis

ഇന്ന് ദുബായിൽ നടക്കുന്ന  സുന്നി മുഖപത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടന ചടങ്ങ് നേരത്തെ നിശ്ചയിച്ചതാണ്. സാദിഖലി തങ്ങളെയടക്കം ഇതിനായി ക്ഷണിച്ചിരുന്നു

കോഴിക്കോട്: മുസ്ലിം ലീഗ് സംസ്ഥാന സമിതി ഇന്ന് കോഴിക്കോട് ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനമാണ് പ്രധാന അജണ്ട. ലീഗ് മത്സരിച്ച മലപ്പുറം ,പൊന്നാനി സീറ്റുകളിൽ മികച്ച ജയം നേടുമെന്നാണ് പാർട്ടി വിലയിരുത്തൽ. ജൂലൈയിൽ ലഭിക്കുന്ന രാജ്യസഭാ സീറ്റ് സംബന്ധിച്ചും ചർച്ച ഉണ്ടാകും. സമസ്ത മുഖപത്രമായ സുപ്രഭാതത്തിൻ്റെ ഗൾഫ് എഡിഷൻ്റെ ഉദ്ഘാടനം ഇന്നാണ്. പാണക്കാട് സാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി എന്നിവർ ക്ഷണിതാക്കളാണെങ്കിലും പാർട്ടി യോഗമുള്ളതിനാൽ പങ്കെടുക്കില്ല. ലീഗ് നേതൃത്വം പ്രധാന ചടങ്ങ് ബഹിഷ്ക്കരിച്ചെന്ന വിമർശനം സമസ്തക്കുള്ളിൽ ശക്തമാണ്. മുസ്ലിം ലീഗ് യോഗത്തിൽ ഇടഞ്ഞു നിൽക്കുന്ന സമസ്തയിലെ ഒരു വിഭാഗത്തോട് സ്വീകരിക്കേണ്ട നിലപാടും ചർച്ച ചെയ്യും.

ഇന്ന് ദുബായിൽ വെച്ച് നടക്കുന്ന  സുന്നി മുഖപത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടന ചടങ്ങ് നേരത്തെ തന്നെ നിശ്ചയിച്ചതാണ്. പാണക്കാട് സാദിഖലി തങ്ങളടക്കമുള്ളവരെ ഇതിനായി ക്ഷണിച്ചിരുന്നു. എന്നാൽ പിന്നീട് തെരഞ്ഞെടുപ്പ് വിലയിരുത്താനെന്ന പേരിൽ സംസ്ഥാന സമിതി യോഗം നിശ്ചയിക്കുകയായിരുന്നു. പ്രമുഖ ലീഗ് നേതാക്കളൊന്നും സുപ്രഭാതം പരിപാടിയിൽ പങ്കെടുക്കില്ല. ലീഗ് പക്ഷക്കാരായ മുഷാവറ അംഗം ഉൾപ്പടെയുള്ള പ്രമുഖ സമസ്ത നേതാക്കളും വിട്ടു നിൽക്കുമെന്നാണ് സൂചന. ഇതോടെ മറുവിഭാഗം ടീം  സമസ്ത  എന്ന പേരിൽ ലഘുലേഖയിലിറക്കി പ്രചാരണം തുടങ്ങിയിട്ടുണ്ട്. സുന്നി പ്രവർത്തകരുടെ ബൂത്ത് കമ്മറ്റികളടക്കം രൂപീകരിച്ച്  തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടി നൽകാനുള്ള ആസൂത്രണം ഇപ്പോഴേ തുടങ്ങാനാണ് ആഹ്വാനം. തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ സമസ്ത നേതാക്കളുടെ അറിവോടെ നീക്കം നടത്തുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ലീഗിന്റെ ബഹിഷ്കരണം.

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ സുപ്രഭാതത്തിൻ്റെ ഗൾഫ് എഡിഷൻ്റെ ഉദ്ഘാടന ചടങ്ങിന്  ക്ഷണിച്ചിരുന്നെങ്കിലും യുപിയിലെ പ്രചാരണ പരിപാടി കാരണം എത്താനാകില്ല എന്നാണ് അറിയിച്ചത്. മന്ത്രി പിഎ മുഹമ്മദ് റിയാസിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. റിയാസാണ് ചടങ്ങിൽ രാഷ്ട്രീയ രംഗത്ത് നിന്ന് പങ്കെടുക്കുന്ന പ്രമുഖനായ അതിഥി. നേരത്തെ തന്നെ   ഉദ്ഘാടനത്തിന്റെ പ്രചാരകരായി സിപിഎമ്മിന്റെ മലപ്പുറത്തെ  പ്രമുഖ നേതാക്കളൊക്കെ രംഗത്ത് വന്നിരുന്നു. സമസ്തയുമായി ഒത്തുതീർപ്പ് നീക്കങ്ങളില്ലെന്നാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം തർക്കം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ സമസ്തയുടെ ബഹാവുദ്ദിൻ നദ്‌വി അടക്കമുള്ള  മുഷാവറാ അംഗങ്ങളെ കൂടെ നിർത്താനും ലീഗ്  നീക്കം നടത്തുന്നുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

തദ്ദേശപ്പോര്: ആദ്യഘട്ട പോളിങ് നാളെ നടക്കും; പ്രശ്ന ബാധിത ബൂത്തുകളിൽ പ്രത്യേക പൊലീസ് സുരക്ഷ
കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു