
പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തിനായി ശബരിമല (Sabarimala) നട നാളെ തുറക്കും. മറ്റന്നാൾ മുതൽ കരിമല വഴി തീർത്ഥാടകരെ കടത്തിവിടും. അടുത്ത മാസം പതിനാലിനാണ് മകര വിളക്ക്. മണ്ഡലകാല പൂജ കഴിഞ്ഞ് മൂന്ന് ദിവസത്തിന് ശേഷമാണ് മകരവിളക്കിനായി ശബരിമല നട തുറക്കുന്നത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും. നട തുറക്കുന്ന നാളെ ഭക്തർക്ക് പ്രവേശനമുണ്ടാവില്ല. വെള്ളിയാഴ്ച് പുലർച്ചെ നാല് മണി മുതലാണ് തീർത്ഥാടകരെ കടത്തി വിടുക.
41 ദിവസം നീണ്ട് നിന്ന മണ്ഡലപൂജ കാലത്ത് 11 ലക്ഷം തീർത്ഥാടകരാണ് സന്നിധാനത്ത് ദർശനത്തിനെത്തിയത്. മകരവിളക്ക് കണക്കിലെടുത്ത് പ്രസാദ വിതരണ കൗണ്ടറുകളുടെ എണ്ണം കൂട്ടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. മാളികപ്പുറം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ കൗണ്ടറുകൾ തുറക്കും. അഞ്ച് ലക്ഷം ടിൻ അരവണ കരുതൽ ശേഖരവുമായി ഉണ്ട്. തിരുവാഭരണ ഘോഷയാത്ര ജനുവരി 12 ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. മകര വിളക്ക് കണക്കിലെടുത്ത് കനത്ത് സുരക്ഷ ക്രമീകരണങ്ങളാണ് പമ്പ, നിലയ്ക്കൽ, എരുമേലി, സന്നിധാനം എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam