വിമാനത്താവളം അദാനിക്ക്; സര്‍ക്കാരുമായി സഹകരിക്കരുതെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ശബരിനാഥന്‍

By Web TeamFirst Published Aug 22, 2020, 3:54 PM IST
Highlights

 അദാനിക്കുവേണ്ടി ടെൻഡർ മനഃപൂർവം തോൽക്കാൻ അദാനിയുടെ അടുത്ത ബന്ധുവിനെ തന്നെ കേരള സർക്കാർ നേരിട്ട് ചുമതലപ്പെടുത്തിയെന്ന് എംഎല്‍എ ആരോപിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള ടെണ്ടറിൽ അദാനിയുമായി ബന്ധമുള്ള സ്ഥാപനത്തിൽ നിന്നും സർക്കാർ സഹായം തേടിയത് തെളിഞ്ഞ സാഹചര്യത്തിൽ പ്രശ്നത്തിൽ സർക്കാറുമായി ഇനി പ്രതിപക്ഷം സഹകരിക്കണോ എന്ന് കോൺഗ്രസ് നേതൃത്വം പരിശോധിക്കണമെന്ന് കെഎസ് ശബരീനാഥൻ എംഎൽഎ. ടെണ്ടർ മന:പ്പൂർവ്വം തോൽക്കാനാണ് സർക്കാർ ശ്രമിച്ചതെന്ന് വ്യക്തമായതായി ശബരിനാഥൻ കുറ്റപ്പെടുത്തി. 

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംയുക്തസമരവും സർവ്വകക്ഷിയോഗവുമെല്ലാം പ്രഹസനമാണെന്നും ശബരിനാഥൻ ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. അദാനിക്കുവേണ്ടി ടെൻഡർ മനഃപൂർവം തോൽക്കാൻ അദാനിയുടെ അടുത്ത ബന്ധുവിനെ തന്നെ കേരള സർക്കാർ നേരിട്ട് ചുമതലപ്പെടുത്തി. എന്നിട്ടായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമസഭയിൽ പ്രമേയം, സർവകക്ഷി യോഗം, സിപിഎം സമരം, കത്തെഴുത്ത്, ഇമെയിൽ സമരം തുടങ്ങിയ പ്രഹസന്നങ്ങളെന്ന് ശബരിനാഥന്‍ ആരോപിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം

കേരള സർക്കാരിനെ തിരുവനന്തപുരം വിമാനത്തവള ടെൻഡറിൽ നിയമപരമായി സഹായിച്ചത് സിറിൽ അമർചന്ദ് മംഗൽദാസ് (CAM) എന്ന പ്രശസ്തനായ ലീഗൽ കമ്പനിയാണ്. KSIDC വഴി 55 ലക്ഷം രൂപ ഡിസംബർ 2019 ഇവർക്ക് ഫീസ് ഇനത്തിൽ നൽകി.

അമർചന്ദ് കമ്പനിയുടെ മേധാവി സിറിൽ ഷെറോഫിന്റെ മകളാണ് കരൺ അദാനിയുടെ ഭാര്യ. എന്നുമാത്രമല്ല ഈ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയാണ് (Partner) ഈ വ്യക്തി.

ഇതിന്റെ അർത്ഥം അദാനിക്കുവേണ്ടി ടെൻഡർ മനഃപൂർവം തോൽക്കാൻ അദാനിയുടെ അടുത്ത ബന്ധുവിനെ തന്നെ കേരള സർക്കാർ നേരിട്ട് ചുമതലപ്പെടുത്തി. എന്നിട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമസഭയിൽ പ്രമേയം, സർവകക്ഷി യോഗം, CPM സമരം, കത്തെഴുത്ത്, ഇമെയിൽ സമരം തുടങ്ങിയ പ്രഹസന്നങ്ങൾ.

യാതൊരു ആത്മാർത്ഥതയുമില്ലാതെ, തിരുവനന്തപുരത്തെ ജനങ്ങളെ ഇത്രയും കാലം കബളിപ്പിച്ച LDF സർക്കാരുമായി എയർപോർട്ട് വിഷയത്തിൽ സഹകരിക്കണമോ എന്നുള്ളത് കോൺഗ്രസ് നേതൃത്വം പരിശോധിക്കണം.

click me!