'സർക്കാരിനെ മുട്ടുകുത്തിച്ച പോരാട്ടം, അഭിവാദ്യങ്ങൾ, ലാൽസലാം സഖാവെ'; ചിന്താ ജെറോമിനെ പരിഹസിച്ച് ശബരീനാഥൻ

By Web TeamFirst Published Jan 24, 2023, 4:15 PM IST
Highlights

താൻ ഒരു ശുപാർശയും നൽകിയില്ല എന്ന് മാധ്യമങ്ങളിൽ ചിന്ത പറഞ്ഞത് ഒരു സൈക്കളോജിക്കൽ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നതെന്നും ശബരിനാഥൻ പരിഹസിച്ചു

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് സംസ്ഥാന സർക്കാർ ശമ്പള കുടിശിക അനുവദിച്ചതിന് പിന്നാലെ പരിഹാസവുമായി മുൻ എം എൽ എ ശബരിനാഥൻ രംഗത്ത്. ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങളെന്നാണ് ശബരിനാഥൻ ഫേസ്ബുക്കിൽ കുറിച്ചത്. ചിന്തയുടെ നിരന്തര അഭ്യർത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സർക്കാർ മുട്ട് മടക്കിയതെന്നും, താൻ ഒരു ശുപാർശയും നൽകിയില്ല എന്ന് മാധ്യമങ്ങളിൽ ചിന്ത പറഞ്ഞത് ഒരു സൈക്കളോജിക്കൽ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നതെന്നും ശബരിനാഥൻ പരിഹസിച്ചു.

ശബരിനാഥന്‍റെ കുറിപ്പ് പൂർണരൂപത്തിൽ

ക്യാപ്സുൽ

ദീർഘ കാലത്തെ പോരാട്ടങ്ങൾക്കൊടുവിൽ ശമ്പളകുടിശ്ശിക സർക്കാരിൽ നിന്ന് ഈടാക്കിയ സഖാവ് ചിന്ത ജെറോമിന് അഭിവാദ്യങ്ങൾ. യുവജന കമ്മീഷൻ ചെയർപേഴ്സൺ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തിയത്തോടെ 14/10/2016 മുതൽ 25/05/2018 വരെയുള്ള 17 മാസങ്ങൾക്കുള്ള Rs 8,50,000 രൂപ കുടിശ്ശികയാണ് മുൻകാലപ്രാബല്യത്തിൽ സഖാവിന് ഇന്നത്തെ ഉത്തരവിലൂടെ ലഭിക്കുന്നത്. ചിന്തയുടെ നിരന്തര അഭ്യർത്ഥനകളും പോരാട്ടങ്ങളും മാനിച്ചാണ് സർക്കാർ മുട്ട് മടക്കിയത്. താൻ ഒരു ശുപാർശയും നൽകിയില്ല എന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പറഞ്ഞത് ഒരു സൈക്കളോജിക്കൽ മൂവ് ആയിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. ലാൽ സലാം സഖാവെ.

അതേസമയം സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന് സംസ്ഥാന സർക്കാർ17 മാസത്തെ ശമ്പള കുടിശികയായി എട്ടര (8.50) ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം. ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. നേരത്തെ ഒരു ലക്ഷം രൂപയായി ശമ്പളം വർധിപ്പിച്ചിരുന്നു. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ചിന്തയുടെ ശമ്പള കുടിശിക വിഷയം വലിയ ചർച്ചയായി മാറിയിരുന്നു.

click me!