
കൊച്ചി: രാജസ്ഥാനിൽ വാഹനാപകടത്തിൽ മരിച്ച ബിഎസ്എഫ് ജവാൻ ബിനോയ് എബ്രഹാമിന് നാടിന്റെ യാത്രാമൊഴി. സൈനിക ബഹുമതികളോടെയായിരുന്നു മൃതദേഹം പിറവം വലിയ പളളി സെമിത്തേരിയിൽ സംസ്കരിച്ചത്. അതേസമയം ബിനോയിയുടെ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റുന്നത് സംബന്ധിച്ച് യാക്കോബായ ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടായി.
ശനിയാഴ്ച്ച രാവിലെ രാജസ്ഥാനിലെ ബാർമീറിൽ ബിനോയ് ഓടിച്ചിരുന്ന മിലിട്ടറി ട്രക്ക് എതിരെ വന്ന ടൂറിസ്റ്റ് ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിച്ച മൃതദേഹം സൈനിക ബഹുമതികളോടെയാണ് ബിനോയിയുടെ ഇടവകയായ പിറവം വലിയ പള്ളിയിൽ സംസ്കരിച്ചത്. യാക്കോബായ വിഭാഗത്തിന്റെ പള്ളിയില്‍ പ്രാർത്ഥനകൾ നടത്തിയതിന് ശേഷമാണ് മൃതദേഹം പള്ളിയിലേക്കെത്തിച്ചത്. മൃതദേഹം പള്ളിയുടെ അകത്ത് കയറ്റണമെന്ന് കുടുംബം ആവശ്യപ്പെട്ടു. പള്ളിക്കകത്തുണ്ടായിരുന്ന ഓർത്തഡോക്സ് വിഭാഗവുമായി സംസാരിച്ച് പൊലീസ് ജവാന്റെ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റാൻ അവസരമൊരുക്കി.
എന്നാൽ, കൂടുതൽ യാക്കോബായ വിശ്വാസികൾ പള്ളിക്കുള്ളിൽ പ്രവേശിക്കാൻ വന്നപ്പോൾ ക്രമസമാധന പ്രശ്നം ചൂണ്ടിക്കാട്ടി പൊലീസ് വിലക്കുകയായിരുന്നു. അതേസമയം, സൈനികന്റെ മൃതദേഹം പള്ളിയുടെ അകത്ത് കയറ്റിയില്ലെന്നാരോപിച്ച് യാക്കോബായ വിഭാഗം പ്രതിഷേധ മാർച്ച് നടത്തി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam