
വയനാട്: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ കുറ്റാരോപിതനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി. ഫ്രാന്‍സിസ്കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്നാണ് ലൂസി കളപ്പുരയെ പുറത്താക്കിയത്. മെയ് 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിൽ യോഗത്തിലായിരുന്നു തീരുമാനം. പുറത്താക്കിയ നടപടിയെ നിയമപരമായി നേരിടുമെന്ന് സിസ്റ്റർ ലൂസി കളപ്പുര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
കാനോന്‍ നിയമപ്രകാരം കന്യാസ്ത്രീ പാലിക്കേണ്ട ചട്ടങ്ങള്‍ ലൂസി കളപ്പുര ലംഘിച്ചതായി കാണിച്ച് കത്തോലിക്ക സഭ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തു, വിലക്ക് മറികടന്ന് തുടർച്ചയായി മാധ്യമങ്ങൾക്ക് അഭിമുഖം നൽകി, ദാരിദ്ര്യവ്രതം പാലിക്കാതെ സ്വന്തമായി കാർ വാങ്ങി, ശമ്പളം മഠത്തിലേക്ക് നൽകിയില്ല, അനുമതിയില്ലാതെ പുസ്തകം പ്രസിദ്ധീകരിച്ച് അനാവശ്യചെലവുണ്ടാക്കി, വസ്ത്രധാരണച്ചട്ടം ലംഘിച്ചു തുടങ്ങി നിരവധി ആരോപണങ്ങളാണ് ലൂസി കളപ്പുരയ്‍ക്കെതിരെ സഭ ഉന്നയിച്ചിരുന്നത്.
മെയ് 11 ന് ദല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ എല്ലാവരും ഏകഖണ്ഡമായി ലൂസി കളപ്പുരയ്ക്കലിനെതിരെ വോട്ട് ചെയ്‌തെന്നാണ് വിവരം. ലൂസി കളപ്പുരയ്ക്ക് നല്‍കിയ കാരണം കാണിക്കൽ നോട്ടീസില്‍ സഭയെ തൃപ്തിപ്പെടുത്തുന്ന വിശദീകരണം നല്‍കുന്നതില്‍ സിസ്റ്റര്‍ പരാജയപ്പെട്ടെന്നാണ് സഭയുടെ വിശദീകരണം. നിരവധി തവണ താക്കീത് നല്‍കിയിട്ടും ലൂസി കളപ്പുര ഇവയെല്ലാം നിരസിച്ചു തുടങ്ങിയവയാണ് പുറത്താക്കലിന് കാരണമായി സഭ ചൂണ്ടിക്കാണിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam