
കൽപ്പറ്റ : വയനാട് പയ്യമ്പള്ളി ചെറൂരിൽ കൃഷിയിടത്തിൽ ആദിവാസിയായ കുളിയൻ ഷോക്കേറ്റ് മരിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസ് അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം. അനുമതി ഇല്ലാതെ കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്നും ഷോക്കേറ്റാണ് കുളിയൻ മരിച്ചതെന്നിരിക്കെ, സ്ഥല ഉടമയെ സഹായിക്കുന്ന നിലപാടുകളും എഫ്ഐആറുമാണ് പൊലീസ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് ആരോപണം.
സ്ഥല ഉടമ ജോബിക്കെതിരെ മാനന്തവാടി പോലീസ് മന:പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.
രണ്ട് ദിവസം മുൻപാണ് ചെറൂർ ആദിവാസി കോളനിയിലെ കുളിയനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കൃഷിയിടത്തിൽ രാത്രി വൈദ്യുത വേലി വെക്കുന്ന കാര്യം അറിയിച്ചിരുന്നെങ്കിൽ കുളിയൻ മരിക്കില്ലായിരുന്നുവെന്നാണ് കുടുംബം കുറ്റപ്പെടുത്തുന്നത്. പ്രതി ജോബിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം.
കൃഷിയിടത്തിൽ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റാണ് കുളിയൻ മരിച്ചത്. കാട്ടുപന്നിയെ പിടിക്കാൻ ഒരുക്കിയ കെണിയിലേക്ക് സ്ഥലം ഉടമ അനുമതിയില്ലാതെ വൈദ്യുതി കടത്തിവിടുകയായിരുന്നുവെന്നാണ് കുടുംബത്തിന്റെ സംശയം. എന്നാൽ സ്ഥല ഉടമ പയ്യമ്പള്ളി സ്വദേശി ജോബിക്കെതിരെ മാനന്തവാടി പൊലീസ് മന:പൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്. പൊലീസിന്റെ നീക്കം കേസ് അട്ടിമറിച്ച് പ്രതിയെ രക്ഷപ്പെടുത്താൻ വേണ്ടിയാണെന്ന് കുളിയന്റെ ഭാര്യ ശോഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
'ഞങ്ങള് ആദിവാസികളാണ്. ആദിവാസികളുടെ ജീവന് വിലയില്ലേ, സഹിക്കാനാകുന്നില്ല. കുളിയന്റെ മരണത്തിന് കാരണമായവരെ രക്ഷിക്കുകയാണ്. ഞങ്ങളെ പൊട്ടമ്മാരക്കല്ലേ സാറേയെന്ന് പൊട്ടിക്കരഞ്ഞുകൊണ്ടാണ് കുളിയന്റെ ഭാര്യ ശോഭ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചത്.
അച്ഛൻ മരിച്ച വിവരം അറിയാൻ വൈകിയെന്ന് കുളിയന്റെ മകൻ ബിനുവും പറഞ്ഞു. ജോബിയുടെ കർണാടക അതിർത്തിയിലെ കൃഷിയിടത്തിലെ തൊഴിലാളിയായിരുന്നു കുളിയന്റെ മകൻ ബിനു. വൈകിട്ട് പണി കഴിഞ്ഞിന് ശേഷമാണ് ജോബി, അച്ഛൻ മരിച്ച വിവരം അറിയിക്കുന്നതെന്ന് ബിനു പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam