
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം നൽകി തട്ടിപ്പ് നടത്തിയെന്ന കേസിലെ പ്രതിയായ റിപ്പോർട്ടർ ടി വി ഉടമ ആന്റോ അഗസ്റ്റിനും ചാനലിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ട്വന്റി 20 പാർട്ടി പ്രസിഡന്റും കിറ്റെക്സ് എം ഡിയുമായ സാബു എം ജേക്കബ്. ആന്റോ അഗസ്റ്റിനെ പൂട്ടാൻ 800 പേജുള്ള തെളിവുകളടങ്ങിയ രേഖകൾ തന്റെ കൈവശമുണ്ടെന്ന് സാബു ജേക്കബ് വെളിപ്പെടുത്തി. റിപ്പോർട്ടർ ചാനൽ ഉടൻ അടച്ചുപൂട്ടാൻ സർക്കാർ മുൻകൈ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പോർട്ടർ ചാനലിന് ഇതുവരെ ബ്രോഡ്കാസ്റ്റിംഗ് ലൈസൻസോ ദേശീയ സുരക്ഷാ ക്ലിയറൻസോ ലഭിച്ചിട്ടില്ലെന്ന് ആരോപിച്ച അദ്ദേഹം, മറ്റുള്ളവരുടെ ദുഃഖത്തിൽ നിന്ന് കോടികൾ സമ്പാദിച്ചവരാണ് ചാനൽ അധികൃതരെന്നും കൂട്ടിച്ചേർത്തു. പിണറായി വിജയന്റെ ഭരണകാലത്ത് കിറ്റെക്സ് ഫാക്ടറിയിൽ 12 തവണ റെയ്ഡ് നടത്തിയപ്പോൾ അത് ന്യായോപയോഗിച്ച് പ്രസംഗിച്ചവരാണ് ഈ മാധ്യമമെന്നും സാബു ജേക്കബ് ഓർമ്മിപ്പിച്ചു.
മെസി തട്ടിപ്പിൽ മാത്രം അന്വേഷണം ഒതുക്കാതെ ആന്റോ അഗസ്റ്റിന്റെ കഴിഞ്ഞ 5 വർഷത്തെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചാൽ കൂടുതൽ തട്ടിപ്പുകൾ പുറത്തുവരുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന - കേന്ദ്ര സർക്കാരുകളിലെ ഉദ്യോഗസ്ഥരെ പണവും മദ്യവും നൽകിയാണ് അഗസ്റ്റിൻ സഹോദരന്മാർ സ്വാധീനിക്കുന്നത്. മരംമുറി കേസിൽ പ്രതിയായ ആന്റോ അഗസ്റ്റിനെ വിശുദ്ധനാക്കി ചിത്രീകരിക്കുന്ന ന്യായീകരണം കാണുമ്പോൾ പിണറായി വിജയൻ അടക്കമുള്ള മുതിർന്ന സി പി എം നേതാക്കൾക്കും ഈ കൂട്ടുകച്ചവടത്തിൽ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മെസ്സിയുടെ പേരിൽ കലൂർ സ്റ്റേഡിയം തട്ടിയെടുക്കാനായിരുന്നു നീക്കമെന്നും, സി ജെ റോയിയെ പോലുള്ള വ്യവസായികളെ ഇ ഡിയെ ഉപയോഗിച്ച് ഇവർ ഭീഷണിപ്പെടുത്തിയെന്നും സാബു ജേക്കബ് ആരോപിച്ചു. തങ്ങൾ എൻ ഡി എയിലെ ഒരു സഖ്യകക്ഷി മാത്രമായതിനാൽ ചാനൽ അടച്ചുപൂട്ടാൻ കേന്ദ്രത്തിന് മേൽ സമ്മർദ്ദം ചെലുത്തുന്നതിൽ പരിമിതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏതൊരു പൗരനുമുള്ള അവകാശം മാത്രമേ മാധ്യമ സ്ഥാപനങ്ങൾക്കുമുള്ളൂ എന്നും സാബു എം ജേക്കബ് ചൂണ്ടിക്കാട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam