തെക്കൻ ജില്ലകളിൽ വ്യാപക മോഷണം നടത്തിയ കുപ്രസിദ്ധ കവർച്ചാ സംഘം പിടിയിൽ
പത്തനംതിട്ട: തെക്കൻ ജില്ലകളിൽ വ്യാപക മോഷണം നടത്തിയ കുപ്രസിദ്ധ കവർച്ചാ സംഘം പിടിയിൽ. പത്തനംതിട്ട അടൂർ പൊലീസാണ് ചിന്നക്കനാലിലെ ഒളിത്താവളത്തിൽ നിന്ന് അഞ്ചംഗ സംഘത്തെ പിടികൂടിയത്. ഇതില്‍ സംഘത്തലവൻ തിരുവല്ല സ്വദേശി വിശാൽ റാവുത്തർ ഒഴികെ മറ്റ് നാലു പേരും പ്രായപൂർത്തിയാകാത്തവരാണ്. വന്യജീവി സാന്നിധ്യം ഉൾപ്പെടെയുള്ള സ്ഥലത്ത് ഒളിവിൽ കഴിഞ്ഞ പ്രതികളെ അതിസാഹസികമായിട്ടാണ് അടൂർ ഡിവൈഎസ്പിയുടെ പ്രത്യേക സ്ക്വാഡ് പിടികൂടിയത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയിൽ വ്യാപക മോഷണം നടത്തിയ ശേഷമാണ് സംഘം കടന്നുകളഞ്ഞത്. വിവിധ ആരാധനാലയങ്ങളുടെ കാണിക്ക വഞ്ചികൾ തകർത്ത് പണം കവരുകയും കൊടുമൺ ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് രണ്ട് കേസ് മദ്യം എടുത്തുകൊണ്ടുപോവുകയും ചെയ്തിരുന്നു.
വെഞ്ഞാറമൂട്ടിൽ നിന്ന് മോഷ്ടിച്ച ഓട്ടോയിൽ കറങ്ങിനടന്നായിരുന്നു കവർച്ച. ഓട്ടോറിക്ഷ കൈപ്പട്ടൂരിൽ ഉപേക്ഷിച്ചാണ് സംഘം സ്ഥലംവിട്ടത്. ഒരു തുമ്പും ഇല്ലാതിരുന്ന കേസിൽ മുഖ്യപ്രതിയുടെ കയ്യിൽ പതിച്ചിരുന്നു ടാറ്റൂ ആണ് തെളിവായത്. വിവിധ സിസിടിവികൾ പരിശോധിച്ച് പ്രത്യക പൊലീസ് സംഘം അടൂർ എസ്ഐ ജിനുവിന്‍റെ നേതൃത്വത്തിൽ ചിന്നക്കലാലിൽ എത്തി. തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. ഒളിവിൽ കഴിഞ്ഞ ചിന്നക്കലാലിലും വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് ഇവർ അമ്പനായിരം രൂപ കവർന്നു. കുപ്രസിദ്ധ മോഷ്ടാക്കൾ പിടിയിലായതോടെ മറ്റ് ജില്ലകളിലെ മോഷണകേസുകളിലും തുമ്പുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.


