
അധികാരം പാർട്ടിയെ നശിപ്പിക്കും എന്നും തുടർച്ചയായ ഭരണമല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടതെന്നും എഴുത്തുകാരനും സാഹിത്യ അക്കാദമി അധ്യക്ഷനുമായ കെ സച്ചിദാനന്ദൻ. പിണറായിയെ മൂന്നാമതും അധികാരത്തിലേറ്റാൽ സി പി എം നീക്കം നടത്തുമ്പോഴാണ് കമ്യൂണിസ്റ്റ് സഹയാത്രികനായ എഴുത്തുകാരന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. ബംഗാളിലെ ഉദാഹരണം നമുക്ക് മുമ്പിൽ ഉണ്ട്. അവിടെ തുടർച്ചയായി ഭരണം കൈ വന്നപ്പോൾ ഒരു വിഭാഗം ആളുകൾ അടിച്ചമർത്തപ്പെട്ടു. അവർക്ക് നീതി നിഷേധിക്കപ്പെട്ടു. സ്വാർത്ഥരായ ആളുകൾ അധികാരം കൈകാര്യം ചെയ്തു. അധികാരം പാർട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ് ബംഗാൾ. തുടർച്ചയായ ഭരണം അല്ല മാറിമാറിയുള്ള ഭരണമാണ് വേണ്ടത്. മാറിമാറിയുള്ള ഭരണമാണ് നമുക്ക് ജാഗ്രത ഉണ്ടാക്കുക. ഇതാണ് സച്ചിദാനന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
കേരളത്തിൽ മൂന്നാം ഭരണം എന്ന് സി പി എം ആർത്ത് വിളിക്കുമ്പോഴാണ് അതേ സർക്കാരിന്റെ സാഹിത്യ അക്കാദമിയുടെ ചുമതലയുള്ള അധ്യക്ഷൻ ഇനിയും ഭരണം വേണ്ട എന്ന് നിലപാട് എടുക്കുന്നത്. സി പി എം സഹയാത്രികനായ സച്ചിദാനന്ദൻ ബംഗാളിന്റെ മാതൃക ചൂണ്ടിക്കാട്ടി കേരളത്തിലെ പാർട്ടിക്ക് മുന്നറിയിപ്പ് നൽകുന്നത് സി പി എമ്മിന് വലിയ തലവേദനയായി. എന്നാൽ അത് പുറത്ത് കാണിക്കാതെ ബംഗാൾ അല്ല കേരളം എന്ന മറുപടി നൽകുകയാണ് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ.
എന്നാൽ ബംഗാളിലെ കാര്യം മാത്രമാണ് സച്ചിദാനന്ദൻ പറഞ്ഞത് എന്നാണ് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണന്റെ വ്യാഖ്യാനം. ബംഗാളിലെയല്ല, കേരളത്തിലെ തുടർഭരണത്തെയാണ് വിലയിരുത്തേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ തൃപ്തരാണെന്നും ഗൃഹസന്ദർശന വേളയിൽ ഒരാൾ പോലും സർക്കാരിനെ വിമർശിച്ചില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഭരണത്തുടർച്ച ജനക്ഷേമത്തിനാണെന്ന വ്യാഖ്യാനവും എൽ ഡി എഫ് കൺവീനർ നടത്തി. 2021 ലെ തെരഞ്ഞെടുപ്പ് കാലത്ത് എം എൻ കാരശ്ശേരി സമാനമായ അഭിപ്രായം പറഞ്ഞപ്പോൾ അദ്ദേഹത്തിന് എതിരെ സി പി എം നേതാക്കളും സൈബർ അണികളും വലിയ അധിക്ഷേപങ്ങളാണ് ഉന്നയിച്ചത്. കാരശ്ശേരിയെ വളഞ്ഞിട്ട് ആക്രമിച്ച ഇടത് സൈബർ കൂട്ടം സച്ചിദാനന്ദന്റെ പ്രസ്താവന വന്നതോടെ പകച്ചു നിൽക്കുകയാണ്. അധികാരം ദുഷിപ്പിച്ചു എന്ന് തന്നെയാണ് സച്ചിദാനന്ദൻ പറയാതെ പറയുന്നത്. മറ്റ് പ്രധാന ഇടതു ബുദ്ധിജീവികൾ പ്രസ്താവനയോട് പ്രതികരിച്ചിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam