
തെരഞ്ഞെടുപ്പ്: ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണവുമായി പാലക്കാട് മണ്ഡലം പ്രസിഡണ്ട് സദ്ദാം ഹുസൈൻ. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് ഷാഫി പറമ്പിൽ അട്ടിമറിക്കുന്നുവെന്നും തൻ്റെ നോമിനേഷനെതിരെ പരാതി നൽകിയതിൽ ഗൂഢാലോചനയുണ്ടെന്നുമാണ് ഇദ്ദേഹത്തിന്റെ ആരോപണം. ബിജെപിക്കെതിരെ സമരം ചെയ്യരുതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. തനിക്കെതിരായ കേസുകളുടെ വിശദാംശങ്ങൾ നൽകിയിരുന്നു. എല്ലാ കേസുകളും രാഷ്ട്രീയ കേസുകളാണ്. ഒരു കേസിലും താൻ ശിക്ഷിക്കപ്പെട്ടില്ല. ഷാഫി പറമ്പിൽ തന്റെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാനാണ് നോക്കുന്നത്. ഒരാൾക്കെതിരെയും ഐ ഗ്രൂപ്പ് പാലക്കാട് പരാതി കൊടുത്തിട്ടില്ലെന്നും സദ്ദാം ഹുസൈൻ വ്യക്തമാക്കി. ഇദ്ദേഹത്തിന്‍റെ നോമിനേഷന്‍ തള്ളിയിരുന്നു.
പാലക്കാട് അസംബ്ലി മണ്ഡലത്തിൽ ഷാഫി പറമ്പിലിന് ജയിക്കാൻ സാധിക്കില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് തന്റെ സ്ഥാനാർത്ഥിത്വം തള്ളിക്കാൻ ശ്രമിച്ചതെന്നാണ് ഇദ്ദേഹത്തിന്റെ മറ്റൊരു ആരോപണം. നിലവിൽ താനാണ് നിയോജക മണ്ഡലം പ്രസിഡന്റ്. ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുപ്പെങ്കിൽ ആ നിലയിൽ മത്സരം നടത്തണം. വാക്കോവറിലൂടെ ഒരാളെ നിർത്തി ജയിപ്പിക്കുന്നത് ജനാധിപത്യ രീതിയല്ല. കെപിസിസി സെക്രട്ടറി ചന്ദ്രനെ മുൻനിർത്തി ഷാഫി പറമ്പിലാണ് തനിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും സദ്ദാം ഹുസൈന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തെരഞ്ഞെടുപ്പിലൂടെ ഐ ഗ്രൂപ്പിനെ പാലക്കാട് അസംബ്ലി മണ്ഡലത്തിൽ ഷാഫിക്ക് തോൽപ്പിക്കാൻ കഴിയില്ല. പാലക്കാട് നഗരത്തിൽ ബിജെപിക്കെതിരെ സമരം ചെയ്തതാണ് താൻ ചെയ്ത തെറ്റ്. ഏത് പൊതുവിഷയം ഉണ്ടായപ്പോഴും പാലക്കാട് സമരം ചെയ്തയാളാണ് താൻ.
താൻ ചുമതലയേറ്റത് മുതലുള്ള സമര പരിപാടികളുടെ രേഖ തന്റെ പക്കലുണ്ട്. ഒരു ചെറുപ്പക്കാരനും നീതി നിഷേധിക്കരുത്. സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഷാഫിയുടെ ശ്രമം.
ഐ ഗ്രൂപ്പിനെ ഇല്ലാതാക്കാനാണ് ശ്രമം. ബിജെപിക്കാരുടെയും സിപിഎംകാരുടെയും വോട്ട് ഷാഫി സംസാരിച്ച് ഉറപ്പിച്ചിട്ടുണ്ട്. വളരെയധികം ഫൈറ്റ് ചെയ്താണ് പാലക്കാട് താൻ നിയോജക മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിൽക്കുന്നത്. ഷാഫിക്ക് ആർജ്ജവമുണ്ടെങ്കിൽ പാലക്കാട് തെരഞ്ഞെടുപ്പ് പിന്നീട് നടത്തണം. താൻ ജനിച്ചപ്പോൾ തൊട്ട് കോൺഗ്രസാണ്. കുടുംബവും കോൺഗ്രസാണ്. വേറൊരു പാർട്ടിയിൽ നിന്ന് വന്നവരല്ല. പ്രതിസന്ധി ഘട്ടത്തിൽ പ്രസ്ഥാനത്തെ വിറ്റ് കാശാക്കുന്നവരല്ല. ഉപജീവനമാർഗമല്ല രാഷ്ട്രീയമെന്നും സദ്ദാം ഹുസൈൻ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam