മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'

Published : Dec 07, 2025, 01:44 PM ISTUpdated : Dec 07, 2025, 01:50 PM IST
fathima, munavvarali, shihab thangal

Synopsis

16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ട കാര്യമില്ലെന്ന് സാദിഖലി ശിഹാബ് തങ്ങൾ. പല കാര്യങ്ങൾ ആ കുട്ടി പറഞ്ഞു. അതിൽ നിന്ന് ഒരു കാര്യം മാത്രമെടുത്ത് വിവാദം ആക്കുന്നുവെന്നും സൈബർ ആക്രമണം ശരിയല്ലെന്നും സാദിഖ് അലി ശിഹാബ് തങ്ങൾ പ്രതികരിച്ചു. 

കോഴിക്കോട്:  മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. 16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ട കാര്യമില്ലെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. പല കാര്യങ്ങൾ ആ കുട്ടി പറഞ്ഞു. അതിൽ നിന്ന് ഒരു കാര്യം മാത്രമെടുത്ത് വിവാദം ആക്കുന്നുവെന്നും സൈബർ ആക്രമണം ശരിയല്ലെന്നും സാദിഖ് അലി തങ്ങൾ പ്രതികരിച്ചു. മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ടായിരുന്നു മുനവ്വറലി തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് അഭിപ്രായ പ്രകടനം നടത്തിയത്. 

ജമാഅത്തെ - യുഡിഎഫ് ആരോപണത്തിലും സാദിഖലി തങ്ങൾ മറുപടി നൽകി. ജമാഅത്തെ ഇസ്ലാമി - സിപിഐഎം ബന്ധം ഉണ്ട്. അവർക്ക് നീക്ക് പോക്കുകൾ ഉള്ള പഞ്ചായത്ത് ഇപ്പോഴും മലപ്പുറത്ത് ഉണ്ട്. യുഡിഎഫിന് എല്ലാവരുടെ വോട്ടും കിട്ടാറുണ്ട്. ജമാഅത്തെ ഇസ്ലാമി ആണ് നിലപാട് മാറ്റിയത്. കോൺഗ്രസുമായി സഹകരിക്കാൻ ജമാഅത്തെ തീരുമാനം ആണ്. അത് വേണ്ടെന്ന് പറയേണ്ടല്ലോ. ജമാഅത്തെ നേരത്തെ ഇടതിന് വോട്ട് കൊടുത്തിരുന്നു. ഇപ്പോൾ യുഡിഎഫിനാണ് പിന്തുണ. അതുകൊണ്ടാവും മുഖ്യമന്ത്രി തുടരെ തുടരെ പറയുന്നത്. ജമാഅത്തെ ഇസ്‌ലാമി ചില ഇടങ്ങളിൽ ഇപ്പോഴും സിപിഎമ്മിനെ പിന്തുണക്കുന്നുണ്ട്. മലപ്പുറത്തു ചില പഞ്ചായത്തുകളിൽ ജമാഅത്തിൻ്റെ പിന്തുണ എൽഡിഎഫിനാണെന്നും സാദിഖലി തങ്ങൾ പറഞ്ഞു.

പ്രസ്താവന തിരുത്തി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ

മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനവുമായി ബന്ധപ്പെട്ട് മകൾ നടത്തിയ പ്രസ്താവന തിരുത്തി മുസ്‍ലിം ലീഗ് അഖിലേന്ത്യാ സെക്രട്ടറി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ രം​ഗത്ത്. മലയാള മനോരമ കൊച്ചിയിൽ സംഘടിപ്പിച്ച ഹോർത്തൂസ് പരിപാടിക്കിടെയായിരുന്നു മുനവറലി ശിഹാബ് തങ്ങളുടെ മകൾ ഫാത്തിമ നർഗീസ് മുസ്‍ലിം സ്ത്രീകളുടെ പള്ളിപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമിൽ ഹജ്ജ് കർമത്തിലടക്കം സ്ത്രീകൾ പങ്കെടുക്കുന്നുണ്ടെരിക്കെ പള്ളികളിൽ പ്രവേശന വിലക്കിനെ സംബന്ധിച്ചുള്ള ചോദ്യകർത്താവിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സ്ത്രീപ്രവേശനത്തെ ഫാത്തിമ നർ​ഗീസ് അനുകൂലിച്ചത്. സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കരുതെന്ന് ചിലർ ഉണ്ടാക്കിയെടുത്തതാണെന്നും വരും കാലത്ത് ഉടൻ തന്നെ ഇതിൽ മാറ്റും വരുമെന്ന് പ്രതീക്ഷിക്കുന്നതായും ഫാത്തിമ പറഞ്ഞു. വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ യാഥാസ്ഥിതിക വിഭാ​ഗത്തിൽനിന്ന് ശക്തമായ വിമർശനമുയർന്നു. ഇതോടെ മുനവ്വറലി തങ്ങൾ രം​ഗത്തെത്തുകയായിരുന്നു.

മകൾ നൽകിയ പ്രതികരണം കേരളത്തിലെ മുഖ്യധാര മുസ്ലിം വിശ്വാസരീതികളുമായോ പണ്ഡിത സമൂഹത്തിന്റെ തീർപ്പുകളുമായോ യോജിക്കുന്നതല്ലെന്ന കാര്യം ഉത്തമ ബോധ്യമുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. മകളുടെ മറുപടി, ആ വിഷയത്തിൽ ആവശ്യമായ മതബോധമോ പഠനത്തിന്റെ പര്യാപ്തതയോ ഇതുവരെ കൈവരിക്കാത്ത 16കാരിയായ കുട്ടിയുടെ, ആലോചനാപരമല്ലാത്ത പെട്ടെന്നുള്ള അഭിപ്രായപ്രകടനമായി മാത്രം കാണണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കേരളത്തിലെ പരമ്പരാഗത മുസ്ലിം പണ്ഡിത സമൂഹം അവരുടെ ആഴത്തിലുള്ള ജ്ഞാനത്തെ ആധാരമാക്കി വ്യക്തമായി നിർവചിച്ചിട്ടുള്ള ഒരു വിഷയത്തിൽ, ഒരു പിതാവെന്ന നിലയിൽ മുഴുവൻ ഉത്തരവാദിത്വബോധത്തോടെയും മകളുടെ ആ മറുപടി ഞാൻ ഇവിടെ തിരുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. 

 

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
'പാർലമെന്റിൽ കുനുഷ്ട് ചോദ്യങ്ങൾ വല്ലാത്ത ആവേശമാണ്'; എൻ കെ പ്രേമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ