
ദുബായ്: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖ് അലി തങ്ങൾ. വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിച്ചാൽ മതിയെന്ന് സാദിഖ് അലി തങ്ങൾ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഇത്തരം ആളുകളെ ഉപയോഗിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വെള്ളാപ്പള്ളിക്ക് ഒപ്പം വേദി പങ്കിടുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് സാദിഖ് അലി തങ്ങൾ മറുപടി നൽകിയത്. നേരത്തെ, മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനമാണ് വെള്ളാപ്പള്ളി നടത്തിയത്. അതേസമയം, സമസ്തയും ലീഗും എന്നും ഒറ്റക്കെട്ടാണെന്ന് സാദിഖ് അലി തങ്ങൾ പറഞ്ഞു.
അപസ്വരങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതെല്ലാം ചർച്ചയിലൂടെ തീരുമാനമാക്കും. സമസ്തയും ലീഗും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി മുന്നോട്ട് പോകുമെന്നും തങ്ങൾ പറഞ്ഞു. ദുബായിൽ സമസ്ത വേദിയിൽ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങളും സാദിഖ് അലി തങ്ങളും ഐക്യത്തിന് ആഹ്വാനം ചെയ്തു കൊണ്ടായിരുന്നു പ്രസംഗിച്ചത്. സോഷ്യൽ മീഡിയയിൽ നടത്തുന്ന ഓരോ ഇടപെടലും ആദർശ ബന്ധിതമാകണമെന്ന് സാദിഖ് അലി തങ്ങൾ പറഞ്ഞു. ഒരാളെ ഉയർത്താൻ മറ്റൊരാളെ താഴ്ത്തി പറയരുതെന്നും, ഭിന്നിപ്പിന്റെ സ്വരങ്ങൾ ഉണ്ടാകരുതെന്ന് ജിഫ്രി തങ്ങളും ആഹ്വാനം ചെയ്തു. ലീഗ് - സമസ്ത രമ്യത ശ്രമങ്ങൾക്കിടെയാണ് ഇരു നേതാക്കളും ഒരേ വേദിയിൽ എത്തിയത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെയുള്ള വാഗ്വാദങ്ങൾ ഇതോടെ അവസാനിക്കുമെന്നാണ് കണക്കാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam