കോപ്രായം കാണിക്കാനല്ല ജനങ്ങൾ അധികാരം നൽകിയതെന്ന് കേന്ദ്ര സർക്കാർ മനസിലാക്കണം; സാദിഖലി ശിഹാബ് തങ്ങൾ

By Web TeamFirst Published Aug 25, 2021, 6:12 PM IST
Highlights

ഇത്തരത്തിലുള്ള കോപ്രായം കാണിക്കാനല്ല ജനങ്ങൾ അധികാരം നൽകിയതെന്ന് കേന്ദ്ര സർക്കാർ മനസിലാക്കണം. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗം തന്നെയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു

മലപ്പുറം: സ്വാതന്ത്ര്യ സമര സേനാനികളുടെ പേരുകൾ വെട്ടി മാറ്റുന്നവർക്ക് ചരിത്രത്തെ വെട്ടിമാറ്റാനാകില്ലെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ഇത്തരത്തിലുള്ള കോപ്രായം കാണിക്കാനല്ല ജനങ്ങൾ അധികാരം നൽകിയതെന്ന് കേന്ദ്ര സർക്കാർ മനസിലാക്കണം. മലബാർ കലാപം സ്വാതന്ത്ര്യ സമരത്തിൻ്റെ ഭാഗം തന്നെയാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. മലപ്പുറത്ത് ജില്ലാ മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ 1921ൽ നടന്ന സ്വതന്ത്ര സമരത്തിൻ്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ട് നിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാർ കലാപം വർഗീയ ലഹളയെന്ന് ചിത്രീകരിക്കുന്നത് ചരിത്രത്തോടുള്ള നീതികേടാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് നിയമസഭാ സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. മലബാർ കലാപം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഉജ്വല അധ്യായമാണ്. അതിലെ അവിസ്മരണീയ ഏടാണ് പൂക്കോട്ടൂർ യുദ്ധമെന്നും എം ബി രാജേഷ് അഭിപ്രായപ്പെട്ടു.

മലബാർ കലാപവുമായി ബന്ധപ്പെട്ട വിവാദത്തിൽ താൻ കക്ഷിയല്ലെന്ന് എം ബി രാജേഷ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. മലബാർ കലാപത്തിൽ വർഗ്ഗീയമായ വഴിപിഴക്കലുകൾ ഉണ്ടായിട്ടുണ്ടെന്നത് വ്യക്തമാണ്. പക്ഷെ അടിസ്ഥാനപരമായി മലബാർ കലാപം ബ്രിട്ടീഷ് വിരുദ്ധവും ജന്മിത്ത വിരുദ്ധവുമാണ്. തന്റെ പ്രസ്താവനയിൽ മനപ്പൂർവ്വം വിവാദമുണ്ടാക്കാൻ ശ്രമമുണ്ടായെന്നും അദ്ദേഹം പറഞ്ഞു. കക്ഷി രാഷ്ട്രീയം എന്നതല്ല, മറിച്ച് പൊതുവായ രാഷ്ട്രീയ വിഷയങ്ങളിൽ നിലപാട് പറയാൻ എല്ലാ പൗരന്മാർക്കും സാതന്ത്ര്യം ഉണ്ട്. സ്പീക്കർക്കും ആ പൗരസ്വാതന്ത്ര്യം ഉണ്ടെന്നും എം.ബി രാജേഷ് വ്യക്തമാക്കിയിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight
 

click me!