ശബരിമല: കെഎസ്ആര്‍ടിസി നിരക്ക് വര്‍ധിപ്പിക്കില്ല, സേഫ് സോണ്‍ പദ്ധതിക്ക് തുടക്കം

By Web TeamFirst Published Nov 13, 2019, 9:22 AM IST
Highlights

മണ്ഡല-മകര വിളക്ക് ഉത്സവകാലത്ത് നിലക്കൽ-പമ്പ സ‍ർവ്വീസിന് 40 രൂപയെന്ന നിരക്ക് കെഎസ്.ആർ.ടിസി ഇക്കുറിയും തുടരും.

പത്തനംതിട്ട: ശബരിമല മണ്ഡല മകര വിളക്ക് കാലത്ത് നിലക്കൽ പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി നിരക്ക് വർധിപ്പിക്കില്ലെന്ന്  ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ. മുൻ വർഷം ഉണ്ടായിരുന്ന സർവ്വീസ് ഇക്കുറിയും കെ.എസ്.ആർ.ടി നടത്തുമെന്നും മന്ത്രി അറിയിച്ചു. തീർത്ഥാടന മേഖലയെ അപകടരഹിതമാക്കാനുള്ള മോട്ടോർ വാഹന വകുപ്പിന്‍റെ സേഫ് സോൺ പദ്ധതിക്കും ശബരിമല പാതയില്‍ തുടക്കമായി 

മണ്ഡല-മകര വിളക്ക് ഉത്സവകാലത്ത് നിലക്കൽ-പമ്പ സ‍ർവ്വീസിന് 40 രൂപയെന്ന നിരക്ക് കെഎസ്.ആർ.ടിസി ഇക്കുറിയും തുടരും. 10 ഇലക്ട്രിക്ക് ഉൾപ്പെടെ 300 ഓളം ബസ്സുകൾ നിലക്കൽ പമ്പ ചെയിൻ സർവ്വീനായി ഉണ്ടാകും. യാത്രക്കാരുടെ എണ്ണത്തിനനുസരിച്ചായിരിക്കും സർവ്വീസ് ക്രമീകരിക്കുക. ഏതെങ്കിലും റൂട്ടിൽ നിന്ന് ബസ്സ് പിൻവലിച്ച് ഓടിക്കേണ്ട സാഹചര്യം ഇത്തവണ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. 

ശബരിമല തീർത്ഥാടന മേഖലയെ അപകട രഹിതമാക്കാനുള്ള സേഫ് സോൺ പദ്ധതി മോട്ടാർ വാഹന വകുപ്പ് തുടങ്ങിയിട്ടുണ്ട്. ഇലവുങ്കല്‍ കേന്ദ്രീകരിച്ചായിരിക്കും സേഫ് സോൺ. പത്തനംതിട്ട , കോട്ടയം, ഇടുക്കി ജില്ലകളിൽ പട്രോളിംഗ് വാഹനങ്ങളും ജീവനക്കാരും ഉണ്ടാകും. ബ്രേക്ക് ഡൗൺ സർവ്വീസ് , അടിയന്തര വൈദ്യ സഹായം തുടങ്ങിയ സൗകര്യങ്ങൾ സേഫ് സോണിന്‍റെ ഭാഗമായി ഏർപ്പെടുത്തിയിട്ടുണ്ട്. 

click me!