
തിരുവനന്തപുരം : കാവിക്കൊടിയുള്ള ഭാരതാംബ ചിത്ര വിവാദത്തിൽ പാപ്പനംകോട് മന്ത്രി വി.ശിവൻകുട്ടിയുടെ ഓഫീസിലേക്ക് ബിജെപി നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. മന്ത്രിയുടെ ഓഫീസിന് മുന്നിൽ ബിജെപി പ്രവർത്തകർ കാവിക്കൊടിയുള്ള ഭാരതാംബയുടെ ചിത്രമുയർത്തി. പിന്നാലെ പ്രകടനവുമായെത്തിയ സിപിഎം പ്രവർത്തകർ, ഓഫീസിന് മുന്നിൽ മന്ത്രി ശിവൻകുട്ടിയുടെ ഫ്ലക്സ് ഉയർത്തി. ഇതോടെ ബിജെപി പ്രവർത്തകർ കൂക്കിവിളിച്ചു. സിപിഎം പ്രവർത്തകർ തിരികെയും കൂക്കിവിളിച്ചു. പിന്നാലെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് സ്ഥിതി നിയന്ത്രിച്ചു. മന്ത്രി വി ശിവൻകുട്ടിക്ക് അഭിവാദ്യമർപ്പിച്ച് പാപ്പനംകോട് ടൗണിൽ സിപിഎം പ്രകടനവും നടത്തി.
രാജ്ഭവനിൽ സ്കൗട്ട്സ് ആൻറ് ഗൈഡ്സ് കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണചടങ്ങിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രത്തിൽ ഗവർണ്ണർ പുഷ്പാർച്ചന നടത്തിയതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാക്കൗട്ട് നടത്തിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. സർക്കാർ കടുത്ത വിമർശനം ഉന്നയിക്കുമ്പോഴും രാജ്ഭവൻ സെൻട്രൽ ഹാളിലെ കാവിക്കൊടിയുള്ള ഭാരതാംബയുടെ ചിത്രം മാറ്റില്ലെന്ന നിലപാടില്‍ ഉറച്ചിരിക്കുകയാണ് ഗവർണർ. യോഗദിന പരിപാടിയിലും കാവിക്കോടിയേന്തിയ ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ച നടത്തിയാണ് രാജ്ഭവൻ പരിപാടി തുടങ്ങിയത്. സിംഹപ്പുറത്തിരിക്കുന്ന, കാവിക്കൊടിയേന്തിയ ഭാരതാംബചിത്രത്തിൽ പുഷ്പാർച്ച നടത്തിയാണ് ഗവർണർ പരിപാടി തുടങ്ങിയത്. തിരുവനന്തപുരത്തും പാലക്കാടും ഭാരതാംബ ചിത്രത്തിൽ ബിജെപിയും പുഷ്പാർച്ച നടത്തി.