ദീലിപീനെതിരെ വൻ വെളിപ്പെടുത്തൽ; രേഖകൾ നശിപ്പിച്ചത് നടന്റെ സാന്നിധ്യത്തിൽ, വക്കീൽ ആവശ്യപ്പെട്ടിട്ട്: സായ് ശങ്കർ

By Web TeamFirst Published Apr 8, 2022, 8:43 PM IST
Highlights

തെളിവുകൾ നശിപ്പിക്കാനെന്ന് പറഞ്ഞല്ല തന്നെ വിളിച്ചത്. അഭിഭാഷകന്റെ ഓഫീസിൽ എത്തിയപ്പോഴാണ് ഇക്കാര്യം മനസിലായത്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ തെളിവുകൾ ദിലീപിന്റെന ഫോണിൽ നിന്ന് നശിപ്പിച്ചെന്ന് വ്യക്തമാക്കി ഹാക്കർ സായ് ശങ്കർ. ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താൻ നശിപ്പിച്ച തെളിവുകളിൽ കോടതി രേഖകകളുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കോടതി സീലുളളതും ഇല്ലാത്തതുമായ രേഖകൾ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തെളിവുകൾ നശിപ്പിക്കാനെന്ന് പറഞ്ഞല്ല തന്നെ വിളിച്ചത്. അഭിഭാഷകന്റെ ഓഫീസിൽ എത്തിയപ്പോഴാണ് ഇക്കാര്യം മനസിലായത്. രണ്ട് ഫോണുകളിലെ തെളിവുകളാണ് താൻ നശിപ്പിച്ചത്. ഇതൊരിക്കലും പുറത്തുവരരുതെന്ന് ദിലീപിന്റെ അഭിഭാഷകൻ തന്നോട് പറഞ്ഞു. അഡ്വ ഫിലിപ് ടി വർഗീസാണ് ഇക്കാര്യം പറഞ്ഞത്. തെളിവുകൾ നീക്കം ചെയ്യുമ്പോൾ ദിലീപും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

തെളിവ് നശിപ്പിച്ചതിന് തനിക്ക് കാര്യമായി പണം തന്നില്ലെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും സായ് ശങ്കർ പറഞ്ഞു. മുഴുവൻ കാര്യങ്ങളും കോടതിയിൽ തുറന്നു പറയുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.

സായ് ശങ്കറിന് ജാമ്യം

കൊച്ചി: നടൻ ദിലീപ് പ്രതിയായ വധഗൂഢാലോചനക്കേസിൽ അറസ്റ്റിലായ സൈബർ ഹാക്കർ സായ് ശങ്കറിന് ആലുവ കോടതി ജാമ്യം അനുവദിച്ചു. പുട്ടപ്പർത്തിയിൽ ഒളിവിലായിരുന്ന സായ് ശങ്കർ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ കീഴടങ്ങുകയായിരുന്നു. ദിലീപിന്റെ അഭിഭാഷകർ പറ‍ഞ്ഞിട്ടാണ് ഫോണിലെ രേഖകൾ നീക്കം ചെയ്തതെന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ സായ് ശങ്കർ മാധ്യമങ്ങളോട് പറഞ്ഞു. കേസിൽ നിർണായകമെന്ന് കരുതുന്ന ദിലീപിന്റെയും കൂട്ടു പ്രതികളുടേയും ഫോണിലെ വിവരങ്ങൾ മായ്ച്ച് കള‍ഞ്ഞതായി സായ് ശങ്കർ മൊഴി നൽകിയിരുന്നു. അന്വേഷണവുമായി സഹകരിക്കാമെന്ന് അറിയിച്ച പശ്ചാത്തലത്തിൽ ഇയാളുടെ രഹസ്യ മൊഴി രേഖപ്പെടുത്താനും തീരുമാനിച്ചു. കേസിൽ സായ്  ശങ്കറിനെ ഭാവിയിൽ പ്രോസിക്യൂഷൻ സാക്ഷിയാക്കി കൊണ്ടുവരാനാണ് നീക്കം.

ദിലീപിന്റെയും സുഹൃത്തുക്കളുടേയും മൊബൈൽ ഫോണിലെ ഡാറ്റാ ഡിലീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സായി ശങ്കറിന്റെ രഹസ്യമൊഴിയെടുക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് ക്രൈം ബ്രാഞ്ച് എസ്പി അറിയിച്ചു. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കർ. ദിലീപിന്റെ മൊബൈൽ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് ഹാക്കർ സായി ശങ്കർ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാൾ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. എന്നാൽ ചോദ്യം ചെയ്യലുമായി സായി ശങ്കർ സഹകരിച്ചില്ല. തുടർന്നാണ് സായി ശങ്കറിനെ ഏഴാം പ്രതിയാക്കി അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതിന് പിന്നാലെ തനിക്കെതിരെ ഉദ്യോഗസ്ഥർ കള്ളകേസുകളെടുക്കുന്നെന്ന് ആരോപിച്ചും ഇയാൾ രംഗത്തെത്തിയിരുന്നു.

'കാവ്യ സുഹൃത്തുക്കൾക്ക് വെച്ച പണി, ദിലീപ് ഏറ്റെടുത്തത്'

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നിർണായക ശബ്ദരേഖ പുറത്ത്. അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച ശബ്ദരേഖയാണ് പുറത്തുവന്നത്. ഗൂഢാലോചനയിൽ കാവ്യ മാധവന്റെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തായത്. ദിലീപിന്റെ ബന്ധു സുരാജും ശരതും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്ത് വന്നത്. നടി കാവ്യ മാധവൻ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണിയെന്ന് ശബ്ദരേഖയിൽ പറയുന്നു. അത് ദിലീപ് ഏറ്റെടുത്തതാണെന്നും ദിലീപിന്റെ ബന്ധു സുരാജ് വ്യക്തമാക്കുന്നുണ്ട്. സുരാജിന്റെ ഫോണിൽ നിന്നാണ് ശബ്ദരേഖ വീണ്ടടുത്തത്.

click me!