പരാതിയില്‍ ഉറച്ചുനില്‍ക്കുന്നെന്ന് അധ്യാപിക സായി ശ്വേത; തന്‍റെ അനുഭവമാണ് പറഞ്ഞതെന്ന് അഡ്വ. ശ്രീജിത് പെരുമന

By Web TeamFirst Published Sep 3, 2020, 12:50 PM IST
Highlights

സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ച ശേഷം തനിക്കെതിരെ ഫേസ്ബുക്കില്‍ മോശമായ രീതിയില്‍ പോസ്റ്റിട്ടു എന്നാണ് സായി ശ്വേതയുടെ ആരോപണം.

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നതായി കാണിച്ച് അഡ്വ. ശ്രീജിത് പെരുമനയ്ക്കെതിരെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് അധ്യാപിക സായി ശ്വേത. സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന് പറഞ്ഞതിന് അപമാനിച്ചെന്നും മറ്റൊരു സ്ത്രീക്കും ഇത്തരം അനുഭവം ഉണ്ടാകരുതെന്നും സായി ശ്വേത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

സിനിമയില്‍ അഭിനയിക്കാനെന്ന പേരില്‍ വിളിച്ച ശേഷം തനിക്കെതിരെ ഫേസ്ബുക്കില്‍ മോശമായ രീതിയില്‍ പോസ്റ്റിട്ടു എന്നാണ് സായി ശ്വേതയുടെ പരാതി. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഫേസ്ബുക്കില്‍ എഴുതിയതെന്നും അവഹേളിക്കുന്ന രീതിയിലായിരുന്നു പോസ്റ്റെന്നും സായി ശ്വേത പറയുന്നു. ഹീനമായി വ്യക്തിഹത്യയായിരുന്നു അഡ‍്വക്കേറ്റ് നടത്തിയത്. ഇതിന്‍റെ ഭാഗമായാണ് പരാതി നല്‍കിയതെന്നും സായി ശ്വേത വിശദീകരിച്ചു. 

പരാതിയെ കുറിച്ച് സായി ശ്വേത

അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചാണ്  അഡ്വ. ശ്രീജിത് പെരുമന തന്നെ വിളിക്കുന്നത്. അപ്പോള്‍ ഭര്‍ത്താവിന്‍റെ നമ്പര്‍ നല്‍കി. അടുത്ത ദിവസം തന്നെ അഭിനയിക്കാന്‍ താല്‍പര്യമില്ല എന്ന് അറിയിച്ചിരുന്നു. ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്ന ഒരു പരാതി, കോള്‍ എടുത്തില്ല എന്നായിരുന്നു. ഓണാഘോഷത്തിന്‍റെ പരിപാടികളുമായി ബന്ധപ്പെട്ട് തിരക്കുകളിലായിരുന്നത് കൊണ്ടാണ് കോള്‍ എടുക്കാന് സാധിക്കാതിരുന്നത് എന്നും താന്‍ ഇപ്പോള്‍ പ്രതികരിച്ചില്ലെങ്കില്‍ വരും തലമുറയ്ക്ക് ഇത് മോശം മാതൃകയായിരിക്കും എന്നും സായി ശ്വേത കൂട്ടിച്ചേര്‍ത്തു.  

എന്നാല്‍, അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും തനിക്കുണ്ടായ അനുഭവം ഫേസ്ബുക്കില്‍ കുറിക്കുക മാത്രമാണ് ചെയ്തതെന്നും ആരോപണം നേരിടുന്ന അഡ‍്വ. ശ്രീജിത് പെരുമന പറയുന്നു. കഴിഞ്ഞ ദിവസമാണ് അഡ‍്വ. ശ്രീജിത്ത് പെരുമന സായ് ശ്വേതയുമായി ബന്ധപ്പെടുത്തി ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്. തന്‍റെ അടുത്ത സുഹൃത്ത് നിര്‍മ്മിക്കുന്ന സിനിമയിലേക്ക് സായി ശ്വേതയെ ക്ഷണിച്ചതായി അ‍ഡ്വ. ശ്രീജിത് പെരുമന പറയുന്നു. എന്നാല്‍ മുതിര്‍ന്ന താരങ്ങളില്‍ നിന്ന് പോലും ഉണ്ടാവാത്ത പ്രതികരണമാണ് ടീച്ചറില്‍ നിന്നും അവരുടെ മീഡിയ കമ്പനിയില്‍ നിന്നും തനിക്കുണ്ടായതെന്നും അത് ഫേസ്ബുക്കില്‍ എഴുതുക മാത്രമാണ് ചെയ്തതെന്നും ശ്രീജിത്ത് പെരുമന പറയുന്നു.

'എന്‍റെ അനുഭവം എഫ്ബിയില്‍ എഴുതി, അത് അഭിപ്രായ സ്വാതന്ത്ര്യം'; ശ്രീജിത് പെരുമന

സായി ശ്വേതയെ വിളിച്ചപ്പോള്‍ തന്‍റെ അഭിനയത്തിന്‍റെ കാര്യം തീരുമാനിക്കുന്ന കോഴിക്കോട് ഉള്ള ഒരു മീഡിയ കമ്പനിയാണ് എന്നും ആ കമ്പനിയുമായി ബന്ധപ്പെടണമെന്നും അവര്‍ ആവശ്യപ്പെട്ടു. പിന്നിട് അവരെ വിളിച്ചു. ശേഷം ആലോചിച്ച് പറയാം എന്ന് അവര്‍ അറിയിച്ചു. പിന്നീട് ഈ നിമിഷം വരെ അവര്‍ ഈ കാര്യത്തില്‍ വ്യക്തമായ മറുപടി പറഞ്ഞിട്ടില്ല. തന്‍റെ ഈ അനുഭവമാണ് ഫേസ്ബുക്കില്‍ കുറിച്ചതെന്നും അത് അഭിപ്രായ സ്വാതന്ത്ര്യമാണെന്നും ശ്രീജിത് പെരുമന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!